Sunday, August 29, 2010
ഏകലവ്യന്‍റെ പെരുവിരല്‍
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.
--~~~--
ആനുകാലിക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
Monday, August 09, 2010
വളപ്പിലെ കുളം
പായല്‍ മൂടി
നിശ്ചലം
ഞാന്‍
അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ
പ്രകമ്പനങ്ങള്‍ക്കു താഴെ
തിരിച്ചെടുക്കാന്‍ പറ്റാത്ത
കല്ലുകളുടെ
ശവപ്പറമ്പ്
Thursday, July 29, 2010
ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ
മിസ്റ്റര്‍ ഉണ്ണിക്കൊരു
മിസ്സ്ഡ് കോള്‍ മാത്രം
'നെപ്പോളിയന്‍' കുപ്പി
ഉടനെത്തി
ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ
രണ്ടെണ്ണം വിട്ടപ്പോള്‍
മിസ്സാകുന്നു
ഓസ്സിയാര്‍ പൈന്‍റിന്
ബീവറേജ് ക്യൂവിലെ
കുത്തിയിരുപ്പ്
Sunday, July 11, 2010
കാറ്റു വരച്ച അപ്പുപ്പന്‍താടി
വരണ്ട വെയില്‍പ്പാടിലെന്നോ പൊട്ടിപ്പുറപ്പെട്ട് ഇല്ലിപ്പടര്‍പ്പുകളില്‍ തങ്ങി ഇളംകാറ്റില്‍ പൊങ്ങി ഇലകൊഴിഞ്ഞ ചില്ലകളിലെവിടെയോ തട്ടി.വേനലിന്‍റെ ഓര്‍മ്മകള്‍ നേര്‍പ്പിച്ച് നേര്‍പ്പിച്ച്, ആയിരം ചിറകുകള്‍ മുളപ്പിച്ചു.
പിന്നെ പറന്ന്, പറന്ന്..
കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്ന സ്വപ്നത്തിലായിരുന്നു ഇടിവെട്ടി മഴപെയ്തത്.
നാശം ഈ അലാറം; ഉറക്കവും പോയി!
ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.
Sunday, July 04, 2010
തനിയെ സംസാരിക്കുന്ന ഉടല്‍
തലയും വാലും
വെട്ടിമാറ്റി
കഴുകി വെടിപ്പാക്കി
പല തുണ്ടങ്ങളായരിഞ്ഞു.
രുചിഭേദത്തിനായി
പച്ചക്കുരുമുളകരച്ചു
പുരട്ടി.
വറവിന് ഇനിയും
ദൂ ര മേ റെ.
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്.
Thursday, June 24, 2010
നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.
വഴുക്കിയൊരു വഴി
ഉറഞ്ഞു കിടന്നു.
ഇരുവശവും
നനുത്ത പച്ച
കടുത്ത പച്ചയായി
തലയാട്ടുമ്പോള്‍
പാതയില്‍ പൊങ്ങിയ ആവി
അന്നത്തെപോലെ തന്നെ.
മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;
അകലെ കോടയില്‍ മുങ്ങി
ഇല്ലാതാകുന്നുണ്ടൊരു മല.
~0O0~
Monday, May 10, 2010
ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍
.jpg)
പൊരിച്ച അയലത്തലയിലെ കണ്ണ്
രുചിയുടെ മറ്റൊരു ഭാവം തരുന്നത്,
കാഴ്ച്ചയുടെ അപാരതയിലായിരിക്കാം.
കണ്ണ് തിന്നുന്നവന്‍റെ നോട്ടങ്ങള്‍ക്ക്
മങ്ങലുണ്ടാകുമെന്ന് പറഞ്ഞ
നാണിത്തള്ളയും
ചുണ്ടരിവാളില്‍ കൊത്തി
കുഞ്ഞനുറുമ്പിനെ തിന്നിരുന്നത്
കാഴ്ച്ച മുറുക്കുവാനായിരിക്കണം.
ഇരുട്ടിലും തിളങ്ങിയ നിന്‍റെ കണ്ണില്‍
രുചിയോടെ കത്തി താഴ്ത്തിയപ്പോള്‍
മറയപ്പെടുമെന്നു കരുതിയ കാഴ്ച്ച
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.
--00--
Wednesday, April 21, 2010
ടോം 'N ജെറി കാണുന്നവര്‍
കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.
Monday, April 19, 2010
പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.
കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം
പറയാതെയറിയാതെ
തുളുമ്പിയൊഴുകി.
ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.
-~~-
Wednesday, April 14, 2010
തുലാസിന്‍റെ മൂന്നു തട്ടുകള്‍
യുദ്ധത്തിന്‍റെ അവസാന യാമത്തില്‍ വിധിനടപ്പാക്കാന്‍ ദൈവം മൂന്നു തട്ടുള്ള തുലാസ് തേടുന്നത് നീതിദേവി ഒളികണ്ണിലൂടെ കണ്ടു. പട്ടാളക്കാരനും ഒളിപ്പോരുകാരനും ഒന്നുമില്ലാത്തവനും ഒരുപോലെ തൂങ്ങുമ്പോള്‍ എവിടെയാണ് ഭാരമെന്ന് രുധിരരുചിയില്‍ കാറ്റ് ചൊടിച്ചു!
The Hurt Locker കാഴ്ച്ച തന്നത്
Thursday, March 25, 2010
തുള്ളികള്‍,പ്രണയത്തുള്ളികള്‍

ഒന്ന്
മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.
രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.
നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.
അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.
ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.
--oXo--
eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.
Thursday, March 18, 2010
..
വറ്റല്‍
ഉള്ളൊതുങ്ങി
തോല്‍ ചുരുക്കി
മുറുകുകയാണ്
വറചട്ടിയില്‍
ഒരു വറ്റല്‍ മുളക്.
--oOo--
ഠേ..,
ഒരു വെടി
പുക, ചിറകടി.
രണ്ടു പക്ഷികളല്ല, എല്ലാം പറന്നു.
വീണത് തോക്കായിരുന്നു!
--oOo--
Monday, March 08, 2010
പ്രൈസ് റ്റാഗ്
12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
തുളുമ്പിപ്പോയ നിഴലുകള്‍
ബെഡ് റൂമിലെ
രാത്രി മറവില്‍
തുന്നിയ സ്നേഹം
സഹതാപം,
ഇലഞ്ഞി പൂത്തൊരു നിലാവില്‍
എത്ര കോരിയൊഴിച്ചാലും
പൂര്‍ത്തിയായൊരു ചിത്രം.
നൈസ് വര്‍ക്ക്,
എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത്
Sunday, February 21, 2010
രണ്ട് പോക്ക്
Sunday, January 31, 2010
Thursday, January 21, 2010
വര്‍ഷം ഒന്നായി പനി വന്നിട്ട് !
Sunday, January 03, 2010
Tuesday, December 29, 2009
Monday, December 07, 2009
വികൃതാക്ഷരങ്ങള്‍

മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.
പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്,
മഴയില്‍ ചീഞ്ഞ്
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;
പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.
പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.
നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.
വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;
ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്
ചിലതിന്‍റെ ഒലിച്ചു പോക്ക്.
ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!
വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി
ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !
കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.
.......
ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്
Tuesday, December 01, 2009
നിനക്കറിയില്ല
സുഹൃത്തേ,നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.
കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.
എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.
ഇനി രസിക്കാം
പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..
നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..
ഹേയ്, ഞാനാടൈപ്പല്ല.
---0-0-0-----
Sunday, November 22, 2009
ഡിസംബറിന് പറയാനുള്ളത്..
Wednesday, November 18, 2009
ഒഴുക്ക്

തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.
--~~~--
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.
Sunday, November 15, 2009
രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്‍

ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.
കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം
'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.
--@--
Thursday, November 12, 2009
തിരുത്ത്
Tuesday, October 20, 2009
അരാഷ്ടീയക്കാഴ്ച്ച

പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു
വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍
രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലിഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
.....
eപത്രം മാഗസിന്‍ മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്.
Sunday, October 04, 2009
Sunday, September 27, 2009
ക്രി..ക്രി
പൊട്ടക്കിണറ്റിലെ തവള
പൊട്ടനാണന്നു കരുതരുത്.
സൂക്ഷിക്കുക,
ചിലപ്പോളത്
നമ്മുടെ ഉള്ളില്‍ നിന്നും
പുറത്തു ചാടും.
.......o0o.............
Wednesday, September 16, 2009
സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍
പകലിന്റേയോ മറവില്‍
ജനിച്ചു
കണ്ടിട്ടും
കാണാപ്പുറങ്ങളില്‍
ജീവിച്ചു
കൊണ്ടുപിടിച്ച
കോലാഹലങ്ങള്‍ക്കു നടുവില്‍
ഉറങ്ങി
അവസാനം ഞാന്‍
കൊല ചെയ്യപ്പെട്ടു
ഇപ്പോള്‍
ഈ കുഴിമാടത്തില്‍
അപരനെ നോക്കി
വിറങ്ങലിച്ചു കിടക്കുന്നു.
--
Sunday, September 13, 2009
അണ്‍ടൈറ്റില്‍ഡ്
നിനക്കായ് കരുതിയൊരീമുളം തണ്ടിനെ
മാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ
എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തിന്‍ തെന്നലായ്
രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ
ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍
മാനത്തെ മുകിലിനോടായിപ്പറയും ഞാന്‍
സ്നേഹം നിറഞ്ഞൊഴുകീടുമീ വേദന
അത്രമേലായി കവിഞ്ഞൊരി പ്രേമത്തിന്‍
തപ്ത നിശീഥമനന്തമാമെന്‍ ഗാനം.
----oOo----
Tuesday, September 08, 2009
കൊട്ടേഷന്‍
കൂലിയും നല്കി,
ഉടന്‍ തന്നെ തട്ടുമെന്ന് സംഘം
മുറിയിലെത്തിയപ്പോള്‍
വീണ്ടുമതാ മൂലയിലവന്‍,
ഏകാന്തത !
Friday, August 28, 2009
ഒന്നും മാഞ്ഞുപോകുന്നില്ല.

അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.
പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.
മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.
ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!
ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.
ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി
ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.
കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!
വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!
പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.
ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!
മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.
ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.
ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!
കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.
വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.
--o0o---
ചിത്രം കടപ്പാട് ഇവിടെ
Tuesday, August 18, 2009
ആപേക്ഷികം
Sunday, August 16, 2009
ദള മര്‍മ്മരം

കലാലയത്തിന്റെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.
കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.
പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.
കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!
അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..
അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.
Tuesday, August 11, 2009
നായാട്ട്
ചാരം മൂടിയവിശപ്പാകാം
കാലത്തിന്റെ
തുറിച്ച രണ്ടു കണ്ണുകള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !
Sunday, August 09, 2009
തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!
Tuesday, July 28, 2009
തലകീഴായ് തൂങ്ങിയ തോന്നലുകള്‍

വരിവരിയല്ലാതെ,
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
Monday, July 13, 2009
നരകത്തിലെ കോഴി
Sunday, June 28, 2009
അപ്പുറം
Tuesday, June 16, 2009
നിന്നിലെ ഞാന്‍.
ചരിഞ്ഞും കിടന്നും..
ഇല്ല..
പരിചയമൊന്നുമില്ല !
എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...
Monday, May 25, 2009
Thursday, October 16, 2008
പരിണാമം
Monday, September 15, 2008
കുടി തേടുന്നവര്‍.
Sunday, September 14, 2008
Wednesday, September 10, 2008
നോക്കുകുത്തി നോക്കുമ്പോള്‍

പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..
പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..
പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..
പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി
പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?
നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..
Wednesday, August 27, 2008
Thursday, July 24, 2008
പൂവും പുമ്പാറ്റേം ശാരുവും
പൂവുകള്‍ തോറും
പാറി നടക്കും
പുത്തന്‍ പൂമ്പാറ്റേ
വര്‍ണ്ണപ്പൊട്ടുകള്‍
എങ്ങിനെ കിട്ടി
നിന്‍ ചിറകില്‍ ?
മറുപൂവില്‍ പോയ്
പറന്നിരുന്നു
പുത്തന്‍ പൂമ്പാറ്റ
ഗര്‍വ്വോടിങ്ങനെ
മൊഴിഞ്ഞു വീണ്ടും
തേനൂറ്റിക്കൊണ്ട്..
'പാരിലെ സുന്ദര
സൃഷ്ടികള്‍ ഞങ്ങള്‍,
അസൂയ വേണ്ടാ ലവലേശം'
ഇതുകേട്ടിട്ട്
ചൊടിച്ചു ചൊല്ലി
തേനൂറും പൂവ്
'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'
കുണുങ്ങിയാടി..
പറന്നടുത്തു
പൂവും പുമ്പാറ്റേം
അടിപിടിയായി
കടിപിടിയായി
അയ്യോ, അയ്യയ്യോ!
Tuesday, June 24, 2008
ഉപേക്ഷിക്കപ്പെട്ടവ
Sunday, May 04, 2008
‘മേരാ ജീവന്‍ ...‘

ഇടുങ്ങിയ തീവണ്ടി മുറിയില്‍
ഇരതേടുന്നു ഒരു കൌമാരം
ഒട്ടിയ വയറിന്‍ രോദനമായി
ചങ്കുപൊട്ടിയവള്‍ പാടുകയാണ്
‘മേരാ ജീവന്‍ കോരാ കാഗസ്..’
വെച്ചു നീട്ടിയ നാണയത്തുട്ടില്‍
വേണ്ടാത്ത നോട്ടമുനയില്‍
ആ ദൈന്യത പാടുകയാണ് .
നീളുന്ന പാളങ്ങള്‍ പോലെ
നീളമേറിയ ദിനരാത്രങ്ങളില്‍,
വറ്റി വരണ്ട സ്വപ്നങ്ങള്‍ കൂട്ടാക്കി
വറ്റാത്ത ജീവനെ പേറാന്‍
പാടി അലയുകയാണവള്‍.
അകലത്തെ തോല്പിച്ച ചക്രങ്ങള്‍,
എവിടെയൊ അലിഞ്ഞ അവളും.
ഒരുനാള്‍ വീണ്ടുമൊരു യാത്രയില്‍
അടുത്തു വന്നു പഴയ ശബ്ദം.
നിറവയറില്‍ വിറങ്ങലിച്ച ശരീരം
എതോ ഗാനം പുലമ്പുന്നു...
വീണ്ടുമൊരു ദൈന്യത പിറക്കുന്നു,
ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു..
‘മേരാ ജീവന്‍ ...‘
Sunday, April 27, 2008
ഇറ്റു വീണ തുള്ളി.

തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !
ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !
കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
Monday, April 07, 2008
ഒരുവട്ടം കൂടി..

ചില കാര്യങ്ങള്‍
പുതിയ പുലരിയില്‍
ഇലകള്‍ തുളച്ചു
ഇറങ്ങിവരുന്ന
പൊന്‍ കിരണങ്ങള്‍
നനുത്ത
രാത്രിയില്‍
പാല്‍ വെണ്ണയൊഴുകുന്ന
നിലാവിന്റെ പുഞ്ചിരി
ഉറക്കത്തില്‍
ചിറകുവിരിച്ചു പറന്നു
നടക്കുന്ന സ്വപ്നം !
Sunday, March 16, 2008
ചൂരല്‍

പൊടിപിടിച്ച
ക്ലാസ്സിന്റെ മൂലയില്‍
ഈ രാത്രി കഴിക്കണം
എന്നും
മാഷിന്റെ മുന്നിലെ മേശയില്‍
കിടന്നു കാണുന്ന
തുറിച്ച കണ്ണുകള്‍
പറയുന്നതെന്താണ് ?
അവസാനമില്ലാത്ത
ചൂരല്‍ കഷായം
നശിക്കണമെന്നോ
കേട്ടില്ലേ,
ആര്‍ത്തിരമ്പി അടുക്കുന്ന
ആയിരം കണ്ണുകള്‍.
ഇനിയെല്ലാം കഴിഞ്ഞു !
പതിയെ,
കൊട്ടിയടച്ച കണ്ണൂം കാതും
തുറന്നു നോക്കി
ആര്‍ത്തിപിടിച്ച
രണ്ടു കണ്ണുകള്‍,
അതു മാഷിന്റേതായിരുന്നു !
Thursday, February 21, 2008
മാറാലകള്‍
Tuesday, February 19, 2008
ദൂരെ...
കാഴ്ച,
ദൂരെനിന്നെപ്പോഴും
മനോഹരം.
മലയില്‍ സൂര്യന്‍
പൊങ്ങുന്നതും,
ചോരയായി
വെള്ളത്തിലലിയുന്നതും.
അങ്ങിനെയെന്തെല്ലാം..!
അകലം കുറയുമ്പോള്‍
മങ്ങും മാധുര്യം..
തെളിയും കാര്യങ്ങള്‍,
ഈ പച്ചയായ ജീവിതം..
Monday, January 28, 2008
ഇരുട്ടുതേടുന്ന മിന്നാമിനുങ്ങുകള്‍.
പാറി പാറി,
ഒരുപാടു ദൂരം
ഇരുട്ടു തേടി
അവശയായി..
കാണാനില്ല,
ഇരുട്ടു മാത്രം
ചുറ്റും വെളിച്ചം,
തളര്‍ച്ച മാത്രം !
Sunday, December 30, 2007
പുനര്‍ജ്ജന്മം
എല്ലാവര്‍ഷവും ഡിസംബര്‍ 31 ന് ;
വീണ്ടും ജനുവരി ഒന്നിനു ജനിക്കാന്‍ !!
Thursday, December 06, 2007
മണ്‍ചെരാതുകള്‍ ചിരിക്കുമ്പോള്‍..
കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍ചെരാതുകള്‍ ഞങ്ങള്‍ !
-ഓ.എന്‍.വി.
എന്നുമാ പ്രകാശം കത്തിനിന്നു,
കുഞ്ഞു കണ്ണു ചിമ്മിയപ്പോള്‍
ആദ്യം അമ്മയായി
മുലപ്പാലിന്‍ മണമായി..
പിന്നെ ചേച്ചിതന്‍
സ്നേഹ സ്പര്‍ശമായി..
തലമുറ അനുഭവങ്ങള്‍ പകര്‍ന്ന
മുത്തശ്ശികഥയായി..
കളിക്കൂട്ടുകാരിതന്‍
ക്ഷണിക പരിഭവമായി..
അറിവിന്‍ നിറവു പകര്‍ന്ന
ഗുരുവിന്‍ വെളിച്ചമായി..
ആദ്യാനുരാഗത്തിന്‍
നൊമ്പരം തന്ന പ്രണയിനിയായി..
നന്മതന്‍ വസന്തമായി
വന്നെത്തിയ പ്രിയ പത്നിയായി,
പുത്രിയായി..
ആത്മാവിന്‍ സാരാംശം ചൊല്ലിയ
സ്നേഹ ദീപമായി..
..എന്നുമാ മണ്‍ചെരാതുകള്‍ കത്തിനിന്നു.
ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!
-------------------------------------------------------------------
സമര്‍പ്പണം,
ഈ കവിതക്കു പ്രേരകമായ ഫോട്ടോ എടുത്തയച്ചുതന്ന എന്റെ
പ്രിയ സഹധര്‍മ്മചാരിണിക്ക്.. കൊള്ളാമെടോ..കീപ്പ് ഇറ്റ് അപ്..!!
Wednesday, November 21, 2007
ഇന്നെന്‍ പ്രഭാതം

മഞ്ഞിന്‍ മൂടുപടവുമേന്തി
ഇന്നെന്‍ പ്രഭാതം,എത്ര സുന്ദരം !
മകരക്കുളിരില്‍ മനമാകെ നിറഞ്ഞു
മെല്ലെ നടന്നു, വിജനമീ വീഥിയില്‍
മടിയോടെ പൊങ്ങുന്ന കതിരോന്റെ പൊന്‍ കതിര്‍
മെല്ലെ തിളങ്ങുന്നു, മിനാരത്തിനപ്പുറം
കുറുകിപ്പറക്കുന്ന പ്രാവിന്റെ ചിറകടി
അലിയുന്നു,ബാങ്കു വിളികളില്‍ അകലെയായ്.
താരിളം തെന്നല്‍ മെല്ലെ തലോടുന്ന
ചാരു ലതകളില്‍ തുള്ളുന്ന നീര്‍കണം
ഇറ്റിറ്റു വീഴാനായ് വെമ്പുന്ന തുള്ളിയില്‍
തട്ടിച്ചിതറുന്നു ബാലകിരണങ്ങള്‍
വെള്ളപ്പുതപ്പിലുറങ്ങുന്ന ജലവീഥി
കീറിമുറിക്കുന്നു എകനായ് ആ തോണി
പാറിക്കളിക്കുന്ന ദേശാടനക്കിളി
ആഘോഷമാക്കുന്ന സുന്ദര പ്രഭാതം.
അങ്ങു ദൂരെനിന്നിങ്ങടുത്തെത്തി
മൂന്നുപേര്‍, ഒരു കുടുംബം
എത്ര പ്രകാശമാ കുഞ്ഞിന്‍ വദനത്തില്‍
നന്മതന്‍ പ്രഭാതമായ്, കണ്ടു നിറഞ്ഞു.
ജീവിത സന്ധ്യയിലെത്തിയ രണ്ടുപേര്‍
എന്നെ കടന്നു പോയ് വേഗത്തില്‍, മുന്നോട്ടായ്
ഇനിയെത്ര ജന്മങ്ങള്‍ കിട്ടിയാലടങ്ങില്ല
അത്ര സുന്ദരമീ പ്രഭാതം..
-------------------------------------------------------------------------
നനുത്ത ഒരു ദുബായ് പ്രഭാതത്തിന്റെ ഓര്‍മ്മക്കായി...
Thursday, October 04, 2007
അവസാന പര്‍വ്വം..
അവസാനയാമത്തിലേതോ
മയക്കത്തില്‍, കണ്ടു;
വാനിലാക്കാഴ്ച, തെല്ലൊന്നടുങ്ങി
എങ്ങും വന്യമാം കാര്‍മുകില്‍മാത്രം
പൊങ്ങുമലിയുന്ന രോദനമിങ്ങനെ
‘എവിടെയെന്‍ പാഷാണം,
തരൂഞാനൊന്നു മ്യത്വുവരിക്കട്ടെ’
പരിചിതമീ ശബ്ദം
പരതി,പതറാതെയെന്‍ മിഴികള്‍
വിഷണ്ണനായ്, തെളിഞ്ഞാരൂപം
പിന്നോട്ടായ് പാഞ്ഞഗ്രജന്‍
പൂര്‍വ്വകാലം തേടി
ഓര്‍മ്മതന്‍ വീഥിയില്‍ ചിന്നിചിതറിയ
പോക്കുവെയിലിന്റെ നീണ്ട നിഴലുകള്‍
ഒരുകയ്യിലൂന്നു വടിയും
മറുതോളില്‍ രണ്ടാംമുണ്ടുമേറ്റി
യേകനായ് നടന്നടുത്താവയോധികന്‍,
കൂട്ടിനായെന്നും തന്‍ നിഴല്‍മാത്രം !
തൂവെള്ളത്താടിയില്‍
പൊഴിയുന്നൊരു ചെറുചിരി
നനച്ചെന്‍ മനമാകെയേതോ കുളിര്‍
ഹാ,യെത്ര സുന്ദരം !
എന്നുമാ കൂടിക്കാഴ്ചയെന്നും
പ്രതീക്ഷിച്ചു കൊണ്ടെന്നു
മെന്‍ സായാഹ്നത്തില്‍
വന്നുവാ കുളിര്‍തെന്നല്‍
ഒരുപാടു ജീവിത
പൊരുളുകളെപ്പോഴും
പറയുമാ വിറയാര്‍ന്ന നിസ്വനം,
നിറയുമെന്‍ മിഴിയും മനവുമൊരുപോലെ
പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !
അന്നു ഞാന്‍ കണ്ടീലാ,
വിജനമീ മണ്‍പാത
എവിടെയാ പാല്‍ പുഞ്ചിരി
ഇരുളായ് എന്‍ മനം..
ഒരുനാള്‍ എന്നെത്തേടി
യെത്തി ഝടുതിയില്‍
മാവദനത്തില്‍, കൂരിരുട്ടു മാത്രം
കെഞ്ചുന്നാ സ്വനം
‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
തരിച്ചിരുന്നു ഞാനെന്തു
ചൊല്ലുവാനറിയാതെയൊരു മാത്ര
ഒതുക്കി ഞാനെന്‍ കരങ്ങളിലാ
ചുളുങ്ങിയ ശരീരം,തീഷ്ണമായ്
ഒഴുകുന്നൊരു പുഴ
സ്നേഹമായ്,സ്വാന്തനമായ്
തലചായ്ക്കാനൊരുനെഞ്ചെങ്കിലും !
ഒത്തിരി സായാഹ്നങ്ങള്‍
സന്ധ്യയായെരിഞ്ഞമര്‍ന്നൊരു
നാള്‍ ഞാനും പറന്നകന്നേകനായ്
പൊയ് വീണ്ടുമാ പുണ്ണ്യം.
ഇന്നു ഞാന്‍ കണ്ട കിനാവിലാ
വിളി,വീണ്ടും മുഴങ്ങുന്നു..
കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം !
--------------------------------------------------------------
നടക്കാവു ബിലാത്തിക്കുളത്തെ താമസക്കാലത്തു എന്നും
Sunday, September 09, 2007
" എ ബ്രീഫ് ഹിസ്റ്ററി ഓഫ് ചാണകം"
അതെ ഈ തലക്കുറി തന്നെയാണെന്റെ കണ്ണുകള്‍ക്കും കൌതുകമായത്.അലസമായി മറിച്ചുകൊണ്ടിരുന്ന ആനുകാലിക താളുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഈ കഥയിലേക്ക് എന്റെ കണ്ണുകളെ എത്തിച്ചതും അതുതന്നെ.
പണ്ടെങ്ങോ വായിച്ച ഒരു മേതില്‍ സ്യഷ്ടി, 'തൂങ്ങിക്കിടന്ന റിസീവര്‍ പറഞ്ഞ കഥ' ഉണ്ടാക്കിയ പോലൊരെഫക്ട്..!!..സംശയമില്ല, അങ്ങനെ തന്നെ.. ആര്‍ത്തിയൊടെ കഥയുടെ ആദ്യവാചകത്തില്ലേക്ക് ഊളിയിട്ടു.
'ശ്ശെ..ഈ നശിച്ച ചാണകം..ചവിട്ടീല്ലോ..'
കഥാകാരന്‍ ചാണകത്തില്‍ ചവിട്ടിയതിന്റെ അമര്‍ഷത്തിലൂടെ കഥയാരംഭിക്കുന്നു...പിന്നെ പലതിലേക്കും..! പ്രത്യേകിച്ചൊരു ചലനവും സ്യഷ്ടിക്കാതെ കഥ അവസാനിക്കുകയും ചെയ്തു, ചാണകം പുരണ്ട ഈ തലക്കുറിയൊഴിച്ച് !
അതെ താങ്കളും വഞ്ചിക്കപ്പെട്ടിരിക്കുന്നു !!
Thursday, August 09, 2007
മഴയുടെ സംഗീതം..
കറുത്ത പൊട്ടുകള്‍ അങ്ങിങ്ങവശേഷിപ്പിച്ചു കടന്നുപോകുന്ന
ബി.ആര്‍.പ്രസാദിന്‍റെ കവിത, വെട്ടം എന്ന സിനിമയില്‍.
മഴ തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി,
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍,
കാറ്റാലെ നിന്‍ ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ,
നീളുന്നൊരീ മണ്‍പാതയില്‍ തോളോടുതോള്‍ പോയീലയൊ..
ഇടറാതെ ഞാനാക്കയ്യില്‍ കൈ ചേര്‍ക്കവെ
മയില്‍പ്പീലി പാടും പോലെ നോക്കുന്നുവൊ
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനൊ
ആശിച്ചു ഞാന്‍ തോരാത്തൊരീ
പൂമാരിയില്‍ മൂടട്ടെ ഞാന്‍
കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവെ
വഴിക്കോണില്‍ ശോകം നില്പു ഞാനേകനായ്
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍
മഴയെത്തുമാ നാള്‍ വന്നിടാന്‍..
-----------------------------------------------------------------------------
-----------------------------------------------------------------------------
Wednesday, August 01, 2007
ശാരൂട്ടിക്ക് മൂന്നാം പിറന്നാളാശംസകള്‍.
ഇന്നാണ് ഞങ്ങളുടെ ശരൂട്ടിയുടെ മൂന്നാം പിറന്നാള്‍.ഒരായിരം സ്നേഹാശംസകള്‍..
ഇന്നലെ അവളെ ഫോണ്‍ ചെയ്തപ്പൊള്‍ അദ്ദേഹം പറയുന്നു..
"അഛാ.. നാളെ എന്‍റെ കേക്ക് ആണ്..!"
പിറന്നാള്‍ എന്നാണ് ശാരു ഉദ്ദേശിച്ചത്, വായില്‍ വന്നത് കേക്കെന്നും..
പിള്ള മനസ്സില്‍ കള്ളമില്ലല്ലോ..
ഇതു കേട്ട എനിക്കും, മഞ്ജുവിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല..
Thursday, July 19, 2007
ഹനീഫ് മാഷ് പറഞ്ഞ കഥയും മറ്റും..

ഒന്ന്
ഒരു വെള്ളിയാഴ്ച്ചയുടെ നനഞ്ഞൊലിച്ച രാത്രി..
ഇ-ഹോസ്റ്റല്‍ ലക്ഷ്മാക്കി ഞാന്‍ നടന്നു.
വിജനമായ ഹോസ്റ്റല്‍ റോഡ് ചാറ്റല്‍ മഴയില്‍ നനഞ്ഞിരുണ്ടു കിടക്കുന്നു..
എന്‍ജിനീയറിങ്ങ് മെക്കാനിക്സ്, സെമസ്റ്റര്‍ പരീക്ഷ
ഒരു വെക്ടര്‍ അനാലിസിസ് പോലെ മനസിനെ മഥിക്കുന്നു.
അറിയാതെ കാലുകള്‍ക്ക് വേഗം കൂടി.
'ദെ മാഷെ ഒന്നു നിന്നെ..'
പുറകില്‍ നിന്നുള്ള വിളിയില്‍ ഞാനൊന്നു ഞെട്ടി.
ക്യാമ്പസിലെങ്ങും അയാളെ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
'ഞാനൊരു കിളിയാ..' ചിരിച്ചു കൊണ്ടയാള്‍ തുടര്‍ന്നു..
'കുറച്ചു പേപ്പര്‍ കിട്ടാനുണ്ട്, അതെഴുതണം.
നമ്മുടെ ഹരിക്യഷ്ണന്‍റെ റൂം എവിടെയാണ്?'
'എഫ്-213'
കിളി പ്രയോഗം എനിക്കങ്ങുബോധിച്ചെങ്കിലും,
എന്തോ ഒരു അകല്‍ച്ച തോന്നിയതു കൊണ്ടു കൂടുതലൊന്നും
സംസാരിക്കാതെ ഞാന്‍ നടന്നു..കൂടെ അയാളും.
'ഒറ്റക്കു തനിക്കീസമയം ഇതുവഴി നടക്കാന്‍ പേടിയില്ലെ?..'
അസാധാരണമായ ആ ചോദ്യത്തിനു ഉണ്ടെന്നു പറയാന്‍
എന്‍റെ നാവു പൊങ്ങിയില്ല.
അല്ലെങ്കിലും ഒരു വിപ്ലവകാരി അങ്ങനെ പറയരുതല്ലോ.
'ഇയാള്‍ക്കു പേടിയുണ്ടോ?'
നനുത്തിരുണ്ട അന്തരീക്ഷത്തില്‍ എന്‍റെയാചൊദ്യം,ഉത്തരം കിട്ടാതെ തങ്ങിനിന്നു.ഞാന്‍ തിരിഞ്ഞുനൊക്കി....
..വിജനമായ വീഥി മങ്ങിയ വെളിച്ചത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..!!
------
രണ്ട്
ഒരു ദിവസം ഒരുറുമ്പും ആനയും കണ്ടുമുട്ടി.
കണ്ടപ്പോള്‍തന്നെ പ്രണയബദ്ധരായി, അടുത്ത ദിവസം
അവര്‍ വിവാഹിതരാവുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ,
അതിനടുത്ത ദിവസം ആന മരിച്ചു പോകുകയും ചെയ്തു..
അപ്പോള്‍ ഉറുമ്പിന്‍റെ അത്മഗതം..
'ഒരു ദിവസത്തിന്‍റെ പ്രേമത്തിനു ഞാന്‍, ഒരു വര്‍ഷം മുഴുവന്‍ കുഴി കുത്തണമല്ലോ ഈശ്വരാ..!!'
-----------------------------------------------------------------------
ആദ്യത്തെ കഥ ഹനീഫ് മാഷ് വെറും രണ്ടു വാചകങ്ങളില്‍ പറഞ്ഞതാണ്.
പി.എ.എം.ഹനീഫ് കേരളത്തിലെ റേഡിയൊ,അമെച്വര്‍,പ്രൊഫെഷണല്‍
നാടക രംഗത്ത് സജീവമാണ്..സാഹിത്യ അക്കാദമി അവാര്‍ഡും,
മറ്റു പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'ദി ബോക്സെസ്'
എന്ന കലാലയ നാടകം അദ്യമായി അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍
ഞങ്ങള്‍ക്കു സ്റ്റേജുചെയ്യുവാന്‍ അവസരം ലഭിച്ചു.
ആരാമം മാഗസിന്‍റെ എഡിറ്ററാണിപ്പോളദ്ദേഹം..കണ്ടിട്ട് വളരെക്കാലമാകുന്നു..!
രണ്ടാമത്തെ കഥ ഓര്‍കൂട്ടില്‍ എവിടെയോ കണ്ടതാണ്..
ഈ കുഞ്ഞി കഥയുടെ ലാളിത്യവും,ആശയവും ഇഷ്ടപെട്ടു..
സ്യഷ്ടികര്‍ത്താവിനു അഭിനന്ദനങ്ങള്‍..
-----------------------------------------------------------------------
Monday, June 18, 2007
കാത്തിരുപ്പ്
ഒടുങ്ങാത്ത
വിശപ്പിന്‍റെ കാത്തിരുപ്പ്..
എന്നെ നീ കാത്തിരിക്കുന്നു
ഞാനോ ഒരു പിടിച്ചോറിനായ്
അതോ പറന്നടുക്കുന്ന മരണത്തെ പുല്‍കാനോ?
ഒരായിരം പ്രതീക്ഷയായ്
പിറന്നുവീണീ മണ്ണില്‍..അറ്റുപോയെല്ലാം
ലോകമേ...
എന്നെപ്പോലയോ എന്‍റെ കൂട്ടുകാരും?
അറിയില്ലെനിക്കിതൊന്നുമേ
അറിയാവുന്നതൊന്നു മാത്രം
കാത്തിരിക്കുന്നു
പശിയടങ്ങാന്‍ നമ്മള്‍ രണ്ടും
കഠിനമീ
വിശപ്പിന്‍റെ കാത്തിരുപ്പ്..
---------------------------------------------------
നമ്മുടെ ലോകത്തിന്‍റെ ഭീകരാവസ്ഥ കാട്ടിത്തന്ന
ആഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ടറിന്
എന്‍റെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
കൂടുതല്‍ വായനക്കായ്..
http://www.flatrock.org.nz/topics/odds_and_oddities/ultimate_in_unfair.htm
---------------------------------------------------
Saturday, May 19, 2007
സഖി,നിനക്കായ്..
സ്നിഗ്ദ്ധമാമേതോ കുളിര്‍കാറ്റു നിദ്രയെ
തൊട്ടുണര്‍ത്തീടുന്നു അന്ത്യയാമങ്ങളില്‍
പൂര്‍ണ്ണയാം ചന്ത്രിക പാലൊളിവീശുന്നു
പാതി തുറന്നിട്ട ജാലക വീഥിയില്‍
അരികില്‍ നീ ഇല്ലെന്ന സത്യമെന്‍ ചിത്തത്തില്‍
നീറുന്ന വിരഹത്തിന്‍ വേദനയേറ്റുന്നു
അറിയാതെ അമ്പിളി പുഞ്ചിരി തൂകുമ്പോള്‍,സഖി
ഒരു നിലാവായ്,വെളിച്ചമായ് എന്നില്‍ നീ നിറയുന്നു
ഒന്നു കാണാതെയറിയാതെ എന്‍ ജീവിതത്തില്‍
വന്നു നീ ഡിസംബറില്‍ മഞ്ഞുനീര്‍ കണം പോലെ
നിന്നു നീ വിടര്‍ന്നൊരു ചെമ്പക പുഷ്പം പോല്‍
തന്നു നീ എനിക്കെന്നും നന്മകളൊരായിരം
ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍
സഫലമീ യാത്രയില്‍ പതറാതെ മുന്നോട്ടായ്
വിതറാം നമുക്കെന്നും വെളിച്ചവും,സുഗന്ധവും
നനുത്തൊരു തെന്നല്‍ പതിയെ കടന്നുപോയ്
പുതിയ പുലരിയായ്, ഉണര്‍ന്നെണീറ്റീടുക...
Thursday, May 03, 2007
ഉണ്ണി കഥ
ആനകള്‍ എന്നും ഉണ്ണിക്ക് അത്ഭുതമായിരുന്നു.
ചായിപ്പിലെ പൊടി മണ്ണില്‍ മണ്ണു തെറിപ്പിക്കുന്ന കുഴിയാനയായിരുന്നു ആദ്യം കണ്ട ആന. തെക്കേലെ കിങ്ങിണി കുഴിയാനയെ കാണിക്കാമെന്നു പറഞ്ഞ് എപ്പോഴും പറ്റിക്കുമായിരുന്നു. അല്ലേലും അവള്‍ അങ്ങിനയാ.. ഒരു ദിവസം മണ്ണു മാറ്റി ഒളിച്ചിരുന്ന ആനയെ പിടികൂടി. ആവൂ..എന്തു രസാ,കുഞ്ഞി കുഴിയാനയെ തൊടാന്‍! പുറകൊട്ടുള്ള നടത്തമാ അതിലും രസം.. അമ്മ എപ്പൊഴും വഴക്കാ, ആനയുടെ പുറകെ നടക്കുന്നതിന്. അമ്മക്കറിയില്ലല്ലോ, ഈ ഉണ്ണിക്ക് എത്ര ആനകള്‍ ഉണ്ടന്ന്.
കാഴ്ചകളുടെ ഉത്സവം സമ്മാനിച്ച ഒരു ദിവസമായിരുന്നു ഉണ്ണിക്കു പെരുവയറന്‍ ആനയെ കാണാന്‍ കഴിഞ്ഞത്. വല്യഛന്‍ കയ്യില്‍ തൂങ്ങി അമ്പല മുറ്റത്ത് എഴുന്നള്ളത്തു കണാന്‍ പോയ ദിനം.. ചെറിയ കണ്ണും, വലിയ വയറും, തൂവെള്ള കൊമ്പും എല്ലാം കൂടി ചേര്‍ന്ന പാവം..! ഒന്ന് തൊടാന്‍ ആഗ്രഹം ഉണ്ടായൊ ആവോ..? ഉണ്ണീടെ ആനകള്‍ക്ക് എന്താ ഇത്രയും കൊമ്പും വയറും ഇല്ലാത്തെ?..എന്നാലുംരണ്ടും പാവങ്ങള്‍ തന്നെ..
"ഉണ്ണീ......മണ്ണില്‍ കളിച്ചിട്ട് ഇങ്ങു വന്നേക്കേട്ടോ....."
അയ്യോ..അമ്മ, ചൂരല്‍ കഷായം ഉറപ്പായും കിട്ടിയതു തന്നെ...
ആനചിന്തകള്‍ പൊടിമണ്ണില്‍ ഉപേക്ഷിച്ച ഉണ്ണി, വീട്ടിലേക്കോടി.
മുറ്റത്തു നിന്ന കോഴികള്‍ തൊടിയിലെക്കും..
അപ്പൊഴും, ഉണ്ണിയുടെയാനകള്‍ പൂഴിമണ്ണില്‍ ഊളിയിടുന്നുണ്ടായിരുന്നു..














