..

-..-

Saturday, May 19, 2007

സഖി,നിനക്കായ്..


സ്നിഗ്ദ്ധമാമേതോ കുളിര്‍കാറ്റു നിദ്രയെ
തൊട്ടുണര്‍ത്തീടുന്നു അന്ത്യയാമങ്ങളില്‍
പൂര്‍ണ്ണയാം ചന്ത്രിക പാലൊളിവീശുന്നു
പാതി തുറന്നിട്ട ജാലക വീഥിയില്‍

അരികില്‍ നീ ഇല്ലെന്ന സത്യമെന്‍ ചിത്തത്തില്‍
‍നീറുന്ന വിരഹത്തിന്‍ വേദനയേറ്റുന്നു
അറിയാതെ അമ്പിളി പുഞ്ചിരി തൂകുമ്പോള്‍,സഖി
ഒരു നിലാവായ്,വെളിച്ചമായ് എന്നില്‍ നീ നിറയുന്നു

ഒന്നു കാണാതെയറിയാതെ എന്‍ ജീവിതത്തില്‍
‍വന്നു നീ ഡിസംബറില്‍ മഞ്ഞുനീര്‍ കണം പോലെ
നിന്നു നീ വിടര്‍ന്നൊരു ചെമ്പക പുഷ്പം പോല്‍
‍തന്നു നീ എനിക്കെന്നും നന്മകളൊരായിരം

ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍

സഫലമീ യാത്രയില്‍ പതറാതെ മുന്നോട്ടായ്
വിതറാം നമുക്കെന്നും വെളിച്ചവും,സുഗന്ധവും
നനുത്തൊരു തെന്നല്‍ പതിയെ കടന്നുപോയ്
പുതിയ പുലരിയായ്, ഉണര്‍ന്നെണീറ്റീടുക...


Thursday, May 03, 2007

ഉണ്ണി കഥ


ആനകള്‍ എന്നും ഉണ്ണിക്ക് അത്ഭുതമായിരുന്നു.
ചായിപ്പിലെ പൊടി മണ്ണില്‍ മണ്ണു തെറിപ്പിക്കുന്ന കുഴിയാനയായിരുന്നു ആദ്യം കണ്ട ആന. തെക്കേലെ കിങ്ങിണി കുഴിയാനയെ കാണിക്കാമെന്നു പറഞ്ഞ് എപ്പോഴും പറ്റിക്കുമായിരുന്നു. അല്ലേലും അവള്‍ അങ്ങിനയാ.. ഒരു ദിവസം മണ്ണു മാറ്റി ഒളിച്ചിരുന്ന ആനയെ പിടികൂടി. ആവൂ..എന്തു രസാ,കുഞ്ഞി കുഴിയാനയെ തൊടാന്‍! പുറകൊട്ടുള്ള നടത്തമാ അതിലും രസം.. അമ്മ എപ്പൊഴും വഴക്കാ, ആനയുടെ പുറകെ നടക്കുന്നതിന്. അമ്മക്കറിയില്ലല്ലോ, ഈ ഉണ്ണിക്ക് എത്ര ആനകള്‍ ഉണ്ടന്ന്.

കാഴ്ചകളുടെ ഉത്സവം സമ്മാനിച്ച ഒരു ദിവസമായിരുന്നു ഉണ്ണിക്കു പെരുവയറന്‍ ആനയെ കാണാന്‍ കഴിഞ്ഞത്. വല്യഛന്‍ കയ്യില്‍ തൂങ്ങി അമ്പല മുറ്റത്ത് എഴുന്നള്ളത്തു കണാന്‍ പോയ ദിനം.. ചെറിയ കണ്ണും, വലിയ വയറും, തൂവെള്ള കൊമ്പും എല്ലാം കൂടി ചേര്‍ന്ന പാവം..! ഒന്ന് തൊടാന്‍ ആഗ്രഹം ഉണ്ടായൊ ആവോ..? ഉണ്ണീടെ ആനകള്‍ക്ക് എന്താ ഇത്രയും കൊമ്പും വയറും ഇല്ലാത്തെ?..എന്നാലുംരണ്ടും പാവങ്ങള്‍ തന്നെ..


"ഉണ്ണീ......മണ്ണില്‍ കളിച്ചിട്ട് ഇങ്ങു വന്നേക്കേട്ടോ....."

അയ്യോ..അമ്മ, ചൂരല്‍ കഷായം ഉറപ്പായും കിട്ടിയതു തന്നെ...


ആനചിന്തകള്‍ പൊടിമണ്ണില്‍ ഉപേക്ഷിച്ച ഉണ്ണി, വീട്ടിലേക്കോടി.
മുറ്റത്തു നിന്ന കോഴികള്‍ തൊടിയിലെക്കും..

അപ്പൊഴും, ഉണ്ണിയുടെയാനകള്‍ പൂഴിമണ്ണില്‍ ഊളിയിടുന്നുണ്ടായിരുന്നു..

ഒരു ചെറിയ തുടക്കം...

മഷി പുരളാത്ത ഈ അക്ഷരങ്ങള്‍ വഴങ്ങുന്നില്ലങ്കിലും,
ഒരു സുഖം ഉണ്ട് ട്ടോ..