..

-..-

Friday, August 28, 2009

ഒന്നും മാഞ്ഞുപോകുന്നില്ല.


അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.

--o0o---
ചിത്രം കടപ്പാട് ഇവിടെ

Tuesday, August 18, 2009

ആപേക്ഷികം

പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.

ആ സമയങ്ങള്‍
കാണാത്തതുകോണ്ട്
ഈ നുണ
വിശ്വസിക്കും ഞാന്‍.

എന്റെ വിശ്വാസങ്ങളില്‍
വേറൊരാള്‍ കൈവെക്കുമ്പോള്‍,
എന്റെ നുണയും
നിങ്ങള്‍ വിശ്വസിക്കണം!

'അഛന്‍ പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'


Sunday, August 16, 2009

ദള മര്‍മ്മരം

കലാലയത്തിന്റെ
ഇരുണ്ട ഇടനാഴിയുടെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.

കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.

പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.

കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!

അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..

അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.

Tuesday, August 11, 2009

നായാട്ട്

ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !
Sunday, August 09, 2009

തണല്‍ തേടുന്ന ശിഖരങ്ങള്‍


തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!