..

-..-

Thursday, October 16, 2008

പരിണാമം

വിശ്വാസം ഒരുനാള്‍
മതത്തിനേയും പേറി
ഒരു യാത്ര പോയി..

പലനാള്‍ കഴിഞ്ഞ് മതം,
വിശ്വാസവും ചുമന്ന്
തിരിച്ചു വരുന്നതു കണ്ടു !


Monday, September 15, 2008

കുടി തേടുന്നവര്‍.

മരക്കൊമ്പില്‍ കുരുക്കിട്ട്
മരണം കാത്ത് ഗതികെട്ടിങ്ങനെ,
ഇവിടെവരെ എത്തീ ഞങ്ങള്‍ !

കുടിയിറക്കപ്പെട്ട കാടിന്റെ മക്കള്‍
കശക്കിയെറിഞ്ഞ സത്വവും പേറി.

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

ഇനിയൊരു വെടിയൊച്ച
കേള്‍ക്കും മുന്നേ,
ഗതികേടിന്‍ കുരുക്കില്‍
...ഗതികെട്ടിങ്ങനെ..

Sunday, September 14, 2008

നിഴല്‍

ഒരിക്കല്‍ വെളിച്ചം
നിഴലിനോടായി,
എന്തേ പിന്‍തുടരുന്നു ?

അതെ,
നീയാണെനിക്കു നിഴല്‍.

Wednesday, September 10, 2008

നോക്കുകുത്തി നോക്കുമ്പോള്‍
പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..

കാവലായ് ഞാനെന്നും
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..

പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..

പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി

പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
ആര്‍ത്താടി വരുന്നുണ്ടേ..

കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?

നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

Wednesday, August 27, 2008

കൂട്ടലിലെ കിഴിക്കല്‍.
ഒന്നുമൊന്നും കൂടി
രണ്ടായി മാറുന്ന
ഗണിതത്തെ നോക്കി
ഒന്നിരുന്നു.

രണ്ടിന്റെ അകപ്പൊരുള്‍
കണ്ടെത്താനൊരു ഗണിതം
ഗണിക്കാനാവാതെ..

ഇന്നും അങ്ങിനെ
ഒന്നും രണ്ടും
രണ്ടായി തന്നെ
രണ്ടു മൂലയിലിരിക്കുന്നു !

Thursday, July 24, 2008

പൂവും പുമ്പാറ്റേം ശാരുവും


പൂവുകള്‍ തോറും
പാറി നടക്കും
പുത്തന്‍ പൂമ്പാറ്റേ

വര്‍ണ്ണപ്പൊട്ടുകള്‍
എങ്ങിനെ കിട്ടി
നിന്‍ ചിറകില്‍ ?

മറുപൂവില്‍ പോയ്
പറന്നിരുന്നു
പുത്തന്‍ പൂമ്പാറ്റ


ഗര്‍വ്വോടിങ്ങനെ
മൊഴിഞ്ഞു വീണ്ടും
തേനൂറ്റിക്കൊണ്ട്..


'പാരിലെ സുന്ദര
സൃഷ്ടികള്‍ ഞങ്ങള്‍,
അസൂയ വേണ്ടാ ലവലേശം'

ഇതുകേട്ടിട്ട്

ചൊടിച്ചു ചൊല്ലി
തേനൂറും പൂവ്

'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'

കുണുങ്ങിയാടി..

പറന്നടുത്തു
പൂവും പുമ്പാറ്റേം

അടിപിടിയായി
കടിപിടിയായി
അയ്യോ, അയ്യയ്യോ!Tuesday, June 24, 2008

ഉപേക്ഷിക്കപ്പെട്ടവ


ഇനി
തൊടിയിലെ കുപ്പയിലുറക്കം.
പൊടികേറി
മങ്ങിയലിഞ്ഞലിഞ്ഞ്..

ഓര്‍മ്മയില്‍
സുഗന്ധം പരത്തിയ
നാള്‍വഴികള്‍,
ആരാലും ഓര്‍മ്മിക്കപ്പെടാതെ..

ഇനിയുറങ്ങാം,
മങ്ങിയലിഞ്ഞലിഞ്ഞ്...Sunday, May 04, 2008

‘മേരാ ജീവന്‍ ...‘ഇടുങ്ങിയ തീവണ്ടി മുറിയില്‍
ഇരതേടുന്നു ഒരു കൌമാരം

ഒട്ടിയ വയറിന്‍ രോദനമായി
ചങ്കുപൊട്ടിയവള്‍ പാടുകയാണ്
‘മേരാ ജീവന്‍ കോരാ കാഗസ്..’

വെച്ചു നീട്ടിയ നാണയത്തുട്ടില്‍
വേണ്ടാത്ത നോട്ടമുനയില്‍
ആ ദൈന്യത പാടുകയാണ് .

നീളുന്ന പാളങ്ങള്‍ പോലെ
നീളമേറിയ ദിനരാത്രങ്ങളില്‍‍,
വറ്റി വരണ്ട സ്വപ്നങ്ങള്‍ കൂട്ടാക്കി
വറ്റാത്ത ജീവനെ പേറാന്‍
പാടി അലയുകയാണവള്‍.

അകലത്തെ തോല്പിച്ച ചക്രങ്ങള്‍,
എവിടെയൊ അലിഞ്ഞ അവളും.

ഒരുനാള്‍ വീണ്ടുമൊരു യാത്രയില്‍
അടുത്തു വന്നു പഴയ ശബ്ദം.

നിറവയറില്‍ വിറങ്ങലിച്ച ശരീരം
എതോ ഗാനം പുലമ്പുന്നു...
വീണ്ടുമൊരു ദൈന്യത പിറക്കുന്നു,
ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു..

‘മേരാ ജീവന്‍ ...‘

Sunday, April 27, 2008

ഇറ്റു വീണ തുള്ളി.


തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീ‍ണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !

ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !

കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
ഈ പുഴയോ..

Monday, April 07, 2008

ഒരുവട്ടം കൂടി..ചില കാര്യങ്ങള്‍
ചിന്തയിലെന്നും
ഉണര്‍ന്നിരിക്കാന്‍ വെമ്പും

പുതിയ പുലരിയില്‍
പുതപ്പിനുള്ളില്‍
അരിച്ചിറങ്ങും
കുളിര്‍കാറ്റ്

അക്കരെനിന്നും
ഒഴുകിയെത്തുന്ന
അമ്പല മണിനാദം

പുതപ്പുമൂടി
ചുരുണ്ടുകൂടി
വീണ്ടുമുറങ്ങുന്ന
ആ നിമിഷം

ഇലകള്‍ തുളച്ചു
ഇറങ്ങിവരുന്ന
പൊന്‍ കിരണങ്ങള്‍

തൊടിയില്‍
പറന്നിറങ്ങി
കലപില കൂട്ടും
കുഞ്ഞുകോഴികള്‍

കുടുക്കയിലെ
ഉമിക്കരി
വായില്‍
പരത്തും രുചി

നിറഞ്ഞ വയറോടെ
ചാടിയോടിക്കളിക്കുന്ന
പശുക്കിടാവ്

മണ്‍കലത്തിലെ
പഴയ കഞ്ഞി
പകരുന്ന ഗന്ധം

നനുത്ത
ഓലപ്പുരപ്പുറത്തിലു
യരും പുകച്ചുരുളുകള്‍

ഉച്ചയെത്തും നേരം
അയല്‍ വീട്ടില്‍ നിന്നും
പരക്കുന്ന ചാളക്കറിമണം

വിദൂരതയില്‍
എവിടെയോ കേള്‍ക്കുന്ന
ഉപ്പന്റെ ശബ്ദം

പോക്കുവെയിലിന്റെ
നീണ്ട നിഴലുകള്‍

ഇടവഴിയില്‍
അവളുടെ
അകന്നു പോകുന്ന
കൊലുസിന്റെ കിലുക്കം

ഉമ്മറത്തു
തെളിച്ച തിരിയുടെ
ചാഞ്ചാട്ടം

രാത്രിയില്‍
പാല്‍ വെണ്ണയൊഴുകുന്ന
നിലാവിന്റെ പുഞ്ചിരി


ഉറക്കത്തില്‍
ചിറകുവിരിച്ചു പറന്നു

നടക്കുന്ന സ്വപ്നം !Sunday, March 16, 2008

ചൂരല്‍പൊടിപിടിച്ച
ക്ലാസ്സിന്റെ മൂലയില്‍
ഈ രാത്രി കഴിക്കണം

എന്നും
മാഷിന്റെ മുന്നിലെ മേശയില്‍
കിടന്നു കാണുന്ന
തുറിച്ച കണ്ണുകള്‍
പറയുന്നതെന്താണ് ?

അവസാനമില്ലാത്ത
ചൂരല്‍ കഷായം
നശിക്കണമെന്നോ

കേട്ടില്ലേ,
ആര്‍ത്തിരമ്പി അടുക്കുന്ന
ആയിരം കണ്ണുകള്‍.
ഇനിയെല്ലാം കഴിഞ്ഞു !

പതിയെ,
കൊട്ടിയടച്ച കണ്ണൂം കാതും
തുറന്നു നോക്കി

ആര്‍ത്തിപിടിച്ച
രണ്ടു കണ്ണുകള്‍,
അതു മാഷിന്റേതായിരുന്നു !

Thursday, February 21, 2008

മാറാലകള്‍
ചിന്തതന്‍ പ്രാണികള്‍
വട്ടമിടുന്നു,
വെട്ടമില്ലാത്ത ഈ നേരം.
ഒന്നു പിഴച്ചാല്‍
ഒരെണ്ണമെങ്കിലും !
അനങ്ങാതെ കാക്കാം,
തുടരാം..
സ്യഷ്ടിക്കായുള്ള ഇരതേടല്‍.Tuesday, February 19, 2008

ദൂരെ...കാഴ്ച,
ദൂരെനിന്നെപ്പോഴും
മനോഹരം.
മലയില്‍ സൂര്യന്‍
പൊങ്ങുന്നതും,
ചോരയായി
വെള്ളത്തിലലിയുന്നതും.

അങ്ങിനെയെന്തെല്ലാം..!

അകലം കുറയുമ്പോള്‍

മങ്ങും മാധുര്യം..
തെളിയും കാര്യങ്ങള്‍,
ഈ പച്ചയായ ജീവിതം..

Monday, January 28, 2008

ഇരുട്ടുതേടുന്ന മിന്നാമിനുങ്ങുകള്‍.

മിന്നി മിന്നി
പാറി പാറി,
ഒരുപാടു ദൂരം
ഇരുട്ടു തേടി
അവശയായി..
കാണാനില്ല,
ഇരുട്ടു മാത്രം
ചുറ്റും വെളിച്ചം,
തളര്‍ച്ച മാത്രം !