..

-..-

Tuesday, December 29, 2009

നിശ്വാസം





വെളിച്ചം പിച്ചവെക്കുന്ന
അരണ്ട മുറിയുടെ
തണുത്ത ഭിത്തിയില്‍
ഇഴയുന്ന കാറ്റ്,
കീറിത്തൂങ്ങിയ കലണ്ടറിന്‍റെ
അവസാന താളിലെഴുതിയത്.

Monday, December 07, 2009

വികൃതാക്ഷരങ്ങള്‍










മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്‍റെ ഒലിച്ചു പോക്ക്‌.


ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.

.......

ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്


Tuesday, December 01, 2009

നിനക്കറിയില്ല

സുഹൃത്തേ,
നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.

കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.

എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.

ഇനി രസിക്കാം

പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..

നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..

ഹേയ്, ഞാനാടൈപ്പല്ല.

---0-0-0-----