..

-..-

Monday, December 06, 2010

ഉറഞ്ഞുപോകുന്നേരംകാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്‌
അടമഴയുടെ കനത്ത നൂലിന്‌
ആടിയിളകുന്ന ഈ തിരിനാളത്തിന്‌
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ

മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ
കയ്യെത്താ മുകളിലേക്കു ഇഴയുന്നുണ്ടൊരു നിഴല്‍

കാലത്തെഴുന്നേല്‍ക്കണം
മുറ്റത്തെ പായല്‍കുഴിയില്‍
ഇന്നു ബാക്കിയാക്കുന്ന ഇത്തിരി മഴയില്‍
ഒരു പുലരി നിനക്കായ് കരുതുന്നു.

Thursday, September 23, 2010

വരക്കപ്പെടാതെ

പുറത്ത് രാത്രി തണുത്തുറഞ്ഞ് പ്രകാശിച്ചു, ഇടയ്ക്കേതോ കുളിര്‍കാറ്റ് ആരും കാണാതെ കോലായില്‍ കയറി ഉള്ളിലേക്ക് എത്തിനോക്കിയതറിഞ്ഞത്‌, ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്‌. രാത്രി മുഴുവനും ഉള്ളിലേക്കിറക്കി ഏതോ ലോകത്തേക്ക് ഉയരുമ്പോഴും കാറ്റൊളിപ്പിച്ച പൂമണവും, പതഞ്ഞൊഴുകുന്ന നിലാവിന്‍റെ സംഗീതവും വരച്ചെടുക്കാന്‍ പാടുപെടുകയായിരിക്കും. അതെ, വരും കാലത്തേക്ക് സൂക്ഷിക്കണമെനിക്കവ!

ഇന്ന്, ഗല്ലികള്‍ക്കപ്പുറം നഗരം ഉണര്‍ന്നു കിടക്കുന്നു, മഞ്ഞനിറം കൂടെ കൊണ്ടുവരുന്ന രാത്രിയുടെ മ(ര)ണം ജാലകത്തില്‍ മുട്ടുന്നുണ്ട്, കൈവിടരുതെന്ന് വിലപിക്കുന്നുണ്ട്.

Monday, September 13, 2010

ബാര്‍ബി കരയാറില്ല


നെഞ്ചോട് ചേര്‍ന്നിരുന്ന്
കളിച്ചും ചിരിച്ചും
ഒരുമിച്ചുറങ്ങിയും
പരസ്പരം
ഉള്ളിലലിഞ്ഞു പോയ
നമ്മളിപ്പോള്‍
ഈ മണ്‍പുതപ്പിനുള്ളില്‍
കണ്ണുപൊത്തി കളിക്കുന്നു.
 

Sunday, September 12, 2010

പൊട്ടല്‍

ഒരു സൂചിമുനയുടെ കൌതുകം
മൂര്‍ച്ചയായ് കൊത്തി
ഞാനങ്ങു പൊട്ടി.

Sunday, August 29, 2010

ഏകലവ്യന്‍റെ പെരുവിരല്‍

ക്വൊട്ടേഷനുണ്ട് മാഷെ
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.

--~~~--

ആനുകാലിക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

Monday, August 09, 2010

വളപ്പിലെ കുളം

ഒഴുക്കു നിലച്ച്
പായല്‍ മൂടി
നിശ്ചലം
ഞാന്‍

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ

പ്രകമ്പനങ്ങള്‍ക്കു താഴെ
തിരിച്ചെടുക്കാന്‍ പറ്റാത്ത
കല്ലുകളുടെ
ശവപ്പറമ്പ്

Thursday, July 29, 2010

ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ

മിസ്റ്റര്‍ ഉണ്ണിക്കൊരു
മിസ്സ്ഡ് കോള്‍ മാത്രം
'നെപ്പോളിയന്‍' കുപ്പി
ഉടനെത്തി

ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ

രണ്ടെണ്ണം വിട്ടപ്പോള്‍
മിസ്സാകുന്നു
ഓസ്സിയാര്‍ പൈന്‍റിന്
ബീവറേജ് ക്യൂവിലെ
കുത്തിയിരുപ്പ്

Sunday, July 11, 2010

കാറ്റു വരച്ച അപ്പുപ്പന്‍താടി

വരണ്ട വെയില്‍പ്പാടിലെന്നോ പൊട്ടിപ്പുറപ്പെട്ട് ഇല്ലിപ്പടര്‍പ്പുകളില്‍ തങ്ങി ഇളംകാറ്റില്‍ പൊങ്ങി ഇലകൊഴിഞ്ഞ ചില്ലകളിലെവിടെയോ തട്ടി.വേനലിന്‍റെ ഓര്‍മ്മകള്‍ നേര്‍പ്പിച്ച് നേര്‍പ്പിച്ച്, ആയിരം ചിറകുകള്‍ മുളപ്പിച്ചു.
പിന്നെ പറന്ന്, പറന്ന്..

കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്ന സ്വപ്നത്തിലായിരുന്നു ഇടിവെട്ടി മഴപെയ്തത്.

നാശം ഈ അലാറം; ഉറക്കവും പോയി!

ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.

Sunday, July 04, 2010

തനിയെ സംസാരിക്കുന്ന ഉടല്‍

തലയും വാലും
വെട്ടിമാറ്റി
കഴുകി വെടിപ്പാക്കി
പല തുണ്ടങ്ങളായരിഞ്ഞു.
രുചിഭേദത്തിനായി
പച്ചക്കുരുമുളകരച്ചു
പുരട്ടി.
വറവിന്‌ ഇനിയും
ദൂ ര മേ റെ.
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്.

Thursday, June 24, 2010

നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.

മഴകഴിഞ്ഞു തോര്‍ന്ന മലയില്‍
വഴുക്കിയൊരു വഴി
ഉറഞ്ഞു കിടന്നു.
ഇരുവശവും
നനുത്ത പച്ച
കടുത്ത പച്ചയായി
തലയാട്ടുമ്പോള്‍
പാതയില്‍ പൊങ്ങിയ ആവി
അന്നത്തെപോലെ തന്നെ.

മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;

അകലെ കോടയില്‍ മുങ്ങി
ഇല്ലാതാകുന്നുണ്ടൊരു മല.

~0O0~

Monday, May 10, 2010

ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍പൊരിച്ച അയലത്തലയിലെ കണ്ണ്
രുചിയുടെ മറ്റൊരു ഭാവം തരുന്നത്,
കാഴ്ച്ചയുടെ അപാരതയിലായിരിക്കാം.

കണ്ണ്‌ തിന്നുന്നവന്‍റെ നോട്ടങ്ങള്‍ക്ക്
മങ്ങലുണ്ടാകുമെന്ന് പറഞ്ഞ
നാണിത്തള്ളയും
ചുണ്ടരിവാളില്‍ കൊത്തി
കുഞ്ഞനുറുമ്പിനെ തിന്നിരുന്നത്
കാഴ്ച്ച മുറുക്കുവാനായിരിക്കണം.

ഇരുട്ടിലും തിളങ്ങിയ നിന്‍റെ കണ്ണില്‍
രുചിയോടെ കത്തി താഴ്ത്തിയപ്പോള്‍
മറയപ്പെടുമെന്നു കരുതിയ കാഴ്ച്ച
ചിതറിച്ചിരിച്ചു.

ചോരകുതിര്‍ത്ത മണ്ണില്‍
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.


--00--Wednesday, April 21, 2010

ടോം 'N ജെറി കാണുന്നവര്‍


കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.Monday, April 19, 2010

പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.


കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം
പറയാതെയറിയാതെ
തുളുമ്പിയൊഴുകി.

ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.

-~~-

Wednesday, April 14, 2010

തുലാസിന്‍റെ മൂന്നു തട്ടുകള്‍

യുദ്ധത്തിന്‍റെ അവസാന യാമത്തില്‍ വിധിനടപ്പാക്കാന്‍ ദൈവം മൂന്നു തട്ടുള്ള തുലാസ് തേടുന്നത് നീതിദേവി ഒളികണ്ണിലൂടെ കണ്ടു. പട്ടാളക്കാരനും ഒളിപ്പോരുകാരനും ഒന്നുമില്ലാത്തവനും ഒരുപോലെ തൂങ്ങുമ്പോള്‍ എവിടെയാണ്‌ ഭാരമെന്ന് രുധിരരുചിയില്‍ കാറ്റ് ചൊടിച്ചു!


The Hurt Locker കാഴ്ച്ച തന്നത്

Thursday, March 25, 2010

തുള്ളികള്‍,പ്രണയത്തുള്ളികള്‍ഒന്ന്

മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.

രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.

നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.

അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.

ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.

--oXo--

eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

Thursday, March 18, 2010

..


വറ്റല്‍

ഉള്ളൊതുങ്ങി
തോല്‍ ചുരുക്കി
മുറുകുകയാണ്‌
വറചട്ടിയില്‍
ഒരു വറ്റല്‍ മുളക്.

--oOo--


ഠേ..,

ഒരു വെടി
പുക, ചിറകടി.

രണ്ടു പക്ഷികളല്ല, എല്ലാം പറന്നു.
വീണത് തോക്കായിരുന്നു!

--oOo--

Monday, March 08, 2010

പ്രൈസ് റ്റാഗ്


12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം

ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.

തുളുമ്പിപ്പോയ നിഴലുകള്‍
ആവിയായി.

ബെഡ് റൂമിലെ
തുരുമ്പു തിന്നുന്ന തകരപ്പെട്ടിയില്‍
ഒളിപ്പിച്ച സ്വപ്നം
പാവക്കുഞ്ഞുങ്ങളായി ഉറങ്ങുന്നു.

രാത്രി മറവില്‍
ആരും കണാതെ
കണ്ണീരും മുലപ്പാലും ചുരത്തിയിരുന്നപ്പോള്‍
വരണ്ട പാടങ്ങളില്‍ ഇടിവെട്ടി മഴ.

തുന്നിയ സ്നേഹം
കുഞ്ഞുടുപ്പുകളില്‍ ചിതലായി
അരിക്കുന്നു.

സഹതാപം,
സ്നേഹം,
കുരക്കുന്ന പരിഹാസം;
എത്രയെത്ര വര്‍ണ്ണങ്ങള്‍.
ഒച്ചയില്ലാത്ത നെടുവീര്‍പ്പുകള്‍
നിറമില്ലാതെ ഒടുങ്ങി.

ഇലഞ്ഞി പൂത്തൊരു നിലാവില്‍
ആയിരം കുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന സ്വപ്നത്തിലാണ്‌
ഉറഞ്ഞ്, ഉറങ്ങിപ്പോയത്.

എത്ര കോരിയൊഴിച്ചാലും
മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്.

പൂര്‍ത്തിയായൊരു ചിത്രം.
ഇനി വിറ്റുപോകാനുള്ള കാത്തിരിപ്പും,
കേള്‍ക്കാവുന്ന ചിലതും

നൈസ് വര്‍ക്ക്,
നല്ല പെയിന്‍റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?


എഴുത്തുപുരയില്‍
പ്രസിദ്ധീകരിച്ചത്Sunday, February 21, 2010

രണ്ട് പോക്ക്

ഒറ്റവരിയിലെ കവിത


വരിയില്‍ തെറ്റി
തെറിച്ച് പോയൊരു
വാക്ക്
ഒളിച്ച് വെച്ചത്.

ഇഴച്ചില്‍

ചവറ്റു കുട്ടയില്‍
ഉപേക്ഷിച്ച വരി
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.


Sunday, January 31, 2010

പാതാളക്കരണ്ടിതിരയടങ്ങാത്ത
ഓളപ്പരപ്പും കടന്ന്
ആഴങ്ങളില്‍ ആഴമളന്ന്
അടിത്തട്ടില്‍
തേങ്ങലില്‍ ചെന്നു തട്ടി.

Thursday, January 21, 2010

വര്‍ഷം ഒന്നായി പനി വന്നിട്ട് !

കാണുമ്പോഴെല്ലാം
നീ നിന്നോടു തന്നെ
കലഹിക്കുന്നുണ്ടാകും.

അതുമല്ലെങ്കില്‍
ചുട്ടു പൊള്ളുന്ന
ചുറ്റു പാടുകളില്‍
ആശങ്കപ്പെടുന്നുണ്ടാവും!


കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.

ഒരു പനി വന്നിട്ട്
വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?

-!!-

Sunday, January 03, 2010

ഹാ..

എന്‍റെ മണ്ണേ
മാനമേ
നിറവേ
നിന്നെ
ഞാനൊന്ന് ചുംബിച്ചോട്ടേ..