..

-..-

Thursday, June 24, 2010

നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.

മഴകഴിഞ്ഞു തോര്‍ന്ന മലയില്‍
വഴുക്കിയൊരു വഴി
ഉറഞ്ഞു കിടന്നു.
ഇരുവശവും
നനുത്ത പച്ച
കടുത്ത പച്ചയായി
തലയാട്ടുമ്പോള്‍
പാതയില്‍ പൊങ്ങിയ ആവി
അന്നത്തെപോലെ തന്നെ.

മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;

അകലെ കോടയില്‍ മുങ്ങി
ഇല്ലാതാകുന്നുണ്ടൊരു മല.

~0O0~

17 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വഴി വിജനമായിരുന്നു, എന്നിട്ടും ആ കിലുക്കങ്ങള്‍!

Sandhya S.N said...

Dear CP,
The poem is very beautiful and romantic
It gives a scent of romance which is overwhelmed by the grace of the green and the mist.
really good effort
Each lines hide a nostalgic feel
congrats and regards
sandhya

Geetha said...

ദിനേശ്... നല്ല വരികള്‍...
ഒരു പ്രണയ സ്പര്‍ശം

കവിത ഇഷ്ടമായീ

പി. ഉണ്ണിക്കൃഷ്ണന്‍ said...

നടന്ന വഴികള്‍ ബാക്കിയുണ്ടല്ലൊ .. എന്നും ജീവിക്കാന്‍ പ്രേരണയായ് ..
നന്നായിട്ടുണ്ട് ..

രവി said...

..
കവിത കവി എഴുതിയതു എന്തോര്‍ത്താണെന്ന് പറയാന്‍ വായനക്കാര്‍ക്ക് പറ്റില്ല.

ചില കവിതകള്‍, ആധുനികനല്ല, അതിനെ ഞാന്‍ വെറുക്കുന്നു-വായനക്കാരന് എത്തിപ്പെടാന്‍ പറ്റാത്ത ഒരു സാധനം-ആവര്‍ത്തിച്ച് വായിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും വായനക്കാരന്‍ കണ്ടെടുക്കുന്നത് രചയിതാവ് അറിയുമ്പോള്‍ എന്തായിരിക്കും അയാളുടെ മനോ നില?

കവിതയെപ്പറ്റി,

ആദ്യ വരികളില്‍ കാണാം പ്രകൃതിയോടുള്ള സ്നേഹം, പ്രകൃതി അമ്മയാണ്.

രണ്ടാമത്തേതില്‍ പ്രണയമാണ്, മാംസനിബദ്ധമല്ലാത്ത രാഗം തന്നെ എന്നാഗഹിക്കുന്നു, അതാണ് പൂര്‍ണ്ണത്.

മൂന്നാമത്തേതില്‍ നഷ്ടമാണ്. സ്നേഹമാണ് (പ്രണയമല്ല്)എന്ന് പറയാന്‍ കൊതിക്കുന്നു.ഞാന്‍..
..
ഇവ മൂന്നും മൂന്ന് കവിതകളായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു പോകയാണ്.
..

രവി said...

..
“മാംസനിബദ്ധമാം രാഗം” എന്ന് വായിക്കുക.
..

ഒരു നുറുങ്ങ് said...

പരിസ്ഥിതി ടച്ചുള്ള കൊച്ച് വരികള്‍..
പ്രണയത്തില്‍ ചാലിച്ചെഴുതി.

Sukanya said...

"കോടയില്‍ മുങ്ങി ഇല്ലാതാകുന്ന മല" നല്ല വരി. ദൃശ്യചാരുത നിറഞ്ഞ കവിത.

നിരാശകാമുകന്‍ said...

നന്നായിരിക്കുന്നു...

Mukil said...

നന്നായിരിക്കുന്നു വഴിപോക്കൻ നടക്കുന്ന വഴികൾ.. ആശംസകൾ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പ്രകൃതി, പ്രണയം, ദു:ഖം ,..........ങൂം....
ഒന്നു ഞാനും പറയുന്നു കോടമഞ്ഞിനു മലയെ തല്‍ക്കാലികമായി മറയ്ക്കാം, ഇല്ലാതെയാക്കാന്‍ കഴിയില്ല.
വിങ്ങുന്ന വരികള്‍.....കൊള്ളാം....

സ്നേഹതീരം said...

മഴകഴിഞ്ഞു തോര്‍ന്ന മലകളും, കടുത്ത പച്ചകൊണ്ട് അതിരു തീര്‍ത്ത വഴികളും, ഇന്നും മാറിയിട്ടുണ്ടാവില്ല. അതുപോലെ തന്നെ, അന്നു കണ്ട സ്വപ്നങ്ങളും. എല്ലാം അന്നത്തേതു പോലെ തന്നെ.

പിന്നെ എന്താണ് മാറിപ്പോയത്? കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു പോയ ജീവിതങ്ങളോ? ആയിരിക്കാം. ഒന്നു പോലും അന്നത്തേതു പോലെയല്ലല്ലോ.

നല്ല കവിത. ചിന്തിപ്പിക്കുന്ന വരികള്‍. അഭിനന്ദനങ്ങള്‍.

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

മഴയത്ത്...
അടൂരിന്റെ നാട്ടുവഴികളിലൂടെ...
കെ.ഏ.പി കനാലിന്റെ പുറം പോക്കിലെ
ഒറ്റയടിപ്പാതയിലൂടെ....
വരമ്പത്തു കൂടെ....
ആരാന്റെ കപ്പത്തോട്ടത്തിന്റെ അരികു പറ്റി...
അമ്പല മുറ്റത്തു കൂടെ...
ആരും കാണില്ലെന്നു സ്വയം ധരിപ്പിച്ച്
മഴയുടെ പാട്ടു കേട്ട്...
കാറ്റിന്റെ തഴുകലേറ്റ്..
ഒരു കുടക്കീഴില്‍ (കുട വേണ്ടിയിരുന്നില്ല)
മൌനമായി....അങ്ങനെ...
-------------------------------------------
ദീര്‍ ഘദൂരനടത്തം ഇഷ്ടപ്പെട്ടിരുന്ന കാലം
സമര ദൈവങ്ങള്‍ നീണാള്‍ വാഴട്ടെ....

k.madhavikutty said...

good..

രാജേഷ്‌ ചിത്തിര said...

നടന്ന വഴികളില്‍ വീണ്ടും ചെന്നെത്തിയ പോലെ...

ഒരു പ്രണയം...
കോടമഞ്ഞു പോലെ
മറ്റെല്ലാം മറച്ച പ്രഭാത്ത്തില്‍ നിന്ന്
സ്വയം മറഞ്ഞ പ്രദോഷത്തിലേക്കെന്ന പോലെ..

മര്‍ത്ത്യന്‍ said...

നന്നയിട്ടുണ്ടെടോ സീപീ

കുസുമം ആര്‍ പുന്നപ്ര said...

മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;
cp nannayirikkunnu