..

-..-

Thursday, October 04, 2007

അവസാന പര്‍വ്വം..
ഇന്നലെ ഞാനുറങ്ങീല..
അവസാനയാമത്തിലേതോ
മയക്കത്തില്‍, കണ്ടു;
വാനിലാക്കാഴ്ച, തെല്ലൊന്നടുങ്ങി

എങ്ങും വന്യമാം കാര്‍മുകില്‍മാത്രം
പൊങ്ങുമലിയുന്ന രോദനമിങ്ങനെ
‘എവിടെയെന്‍ പാ‍ഷാണം,
തരൂഞാനൊന്നു മ്യത്വുവരിക്കട്ടെ’

പരിചിതമീ ശബ്ദം
പരതി,പതറാതെയെന്‍ മിഴികള്‍
‍തൂവെള്ള വേഷ്ടിയില്‍
‍വിഷണ്ണനായ്, തെളിഞ്ഞാരൂപം

പിന്നോട്ടായ് പാഞ്ഞഗ്രജന്‍
‍പൂര്‍വ്വകാലം തേടി
ഓര്‍മ്മതന്‍ വീഥിയില്‍ ചിന്നിചിതറിയ
പോക്കുവെയിലിന്റെ നീണ്ട നിഴലുകള്‍

ഒരുകയ്യിലൂന്നു വടിയും
മറുതോളില്‍ രണ്ടാംമുണ്ടുമേറ്റി
യേകനാ‍യ് നടന്നടുത്താവയോധികന്‍,
കൂട്ടിനായെന്നും തന്‍ നിഴല്‍മാത്രം !

തൂവെള്ളത്താടിയില്‍
‍പൊഴിയുന്നൊരു ചെറുചിരി
നനച്ചെന്‍ മനമാ‍കെയേതോ കുളിര്‍
‍ഹാ,യെത്ര സുന്ദരം !

എന്നുമാ കൂടിക്കാഴ്ചയെന്നും
പ്രതീക്ഷിച്ചു കൊണ്ടെന്നു
മെന്‍ സാ‍യാഹ്നത്തില്‍
‍വന്നുവാ കുളിര്‍തെന്നല്‍

ഒരുപാടു ജീവിത
പൊരുളുകളെപ്പോഴും
പറയുമാ വിറയാര്‍ന്ന നിസ്വനം,
നിറയുമെന്‍ മിഴിയും മനവുമൊരുപോലെ

പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !

അന്നു ഞാന്‍ കണ്ടീലാ,
വിജനമീ മണ്‍പാത
എവിടെയാ പാല്‍ പുഞ്ചിരി
ഇരുളായ് എന്‍ മനം..

ഒരുനാള്‍ എന്നെത്തേടി
യെത്തി ഝടുതിയില്‍
‍കണ്ടില്ല ഞാനാ വെളിച്ച
മാവദനത്തില്‍, കൂരിരുട്ടു മാത്രം

കെഞ്ചുന്നാ സ്വനം
‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
‍ഞാനൊന്നടങ്ങട്ടെ..‘

തരിച്ചിരുന്നു ഞാനെന്തു
ചൊല്ലുവാനറിയാതെയൊരു മാത്ര
ഒതുക്കി ഞാനെന്‍ കരങ്ങളിലാ
ചുളുങ്ങിയ ശരീരം,തീഷ്ണമായ്

ഒഴുകുന്നൊരു പുഴ
സ്നേഹമാ‍യ്,സ്വാന്തനമായ്
പടരുന്നൊരശ്രു ധാരയായ്..
തലചായ്ക്കാനൊരുനെഞ്ചെങ്കിലും !

ഒത്തിരി സായാഹ്നങ്ങള്‍
‍സന്ധ്യയായെരിഞ്ഞമര്‍ന്നൊരു
നാള്‍ ഞാനും പറന്നകന്നേകനായ്
പൊയ് വീണ്ടുമാ പുണ്ണ്യം.

ഇന്നു ഞാന്‍ കണ്ട കിനാവിലാ
വിളി,വീണ്ടും മുഴങ്ങുന്നു..
കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം !

--------------------------------------------------------------
പ്രവാസത്തിന്റെ നാള്‍വഴിയിലെന്നുമോര്‍മ്മിക്കാ‍ന്‍,
ഒരുപാടു നന്മകളുള്ള കോഴിക്കോട്ടു വെച്ചുണ്ടായ ഒരനുഭവം..
നടക്കാവു ബിലാത്തിക്കുളത്തെ താമസക്കാലത്തു എന്നും
വൈകുന്നേരങ്ങളില്‍ കണ്ടൂ പരിചയമായ എന്റെ സുഹ്യത്തങ്കിള്‍..
ജീവിത്തിന്റെ അവസാന നാളുകളിലെ നൊമ്പരങ്ങള്‍ അദ്ദേഹം
പങ്കുവെക്കുമായിരുന്നു, പിന്നെ ഒരുപാടൂ സന്തോഷങ്ങളും..
ഒരുനാള്‍ ആ സ്നേഹബെന്ധമെന്നോടു
അവിശ്യപ്പെട്ടതു കേട്ടു ഞാന്‍ ഞെട്ടി..
കാലം എന്നെയും അവിടെ നിന്നുമകലെയാക്കി, ഒരു ബന്ധവുമില്ലാതായി..
..ഇന്നു ഞാന്‍ ഇവിടെയുള്ള എന്റെ സുഹ്യത്തിനെ
വിളിച്ചന്യെഷിച്ചു, അങ്കിളിനെപ്പറ്റി..
‘ അദ്ദേഹം മരിച്ചു പോയെടാ..’
..ശാന്തി..ശാന്തി..നിത്യ ശാന്തി..
--------------------------------------------------------------