..

-..-

Thursday, January 21, 2021

മറഞ്ഞു(ന്നു) പോയ 21





കൊഴിഞ്ഞു പോയ ദിനങ്ങൾ പെറുക്കി വെക്കുന്നു ഈ  പകൽ.

അകന്നുപോയ കാലൊച്ചകൾക്കിപ്പുറം
നിഴൽ  പടരുന്നു

വഴിയിൽ തന്നെ മടിച്ച്
കനപ്പെട്ട വെയിൽ

ആകാശമേ..
എന്റെയാകാശമേയെന്ന്
ഉച്ചത്തിൽ നിലവിളിച്ചൊരു മേഘം
മുകളിലേക്കുയർന്നു പൊങ്ങി!

മുറ്റത്തെ കരിയിലകൾ
ഒന്നിളകി,
കാറ്റായി ഞാൻ !




Monday, November 25, 2019

ഒറ്റത്തുള്ളി

എല്ലാ പ്രഭാതങ്ങളിലും 
തൂവൽ കൊഴിഞ്ഞൊരു പക്ഷി 
ഇലകൊണ്ടോരു ചില്ല 
നിറക്കുന്നുണ്ടായിരിക്കും 

Thursday, November 21, 2019

വസന്തകാലത്തും പൂക്കാത്ത ഇടവഴി

  പതിഞ്ഞൊരു കാറ്റനക്കം 
  അതിലൊരിലയനക്കം 
  ഇമചിമ്മിയ       വെയിൽനോട്ടത്തിൽ 
 ഞാനെന്ന നിശ്വാസം 
  

  


Wednesday, June 05, 2019

കൊഴിഞ്ഞു പോകുന്ന ചില നേരങ്ങൾ

അജ്ഞാതമായ ഒരിടത്തിലെ
ഉച്ചയിൽ
നിഴലുകളുറങ്ങുന്ന
ഇടവഴിയിൽ
തിരക്കോന്നുമില്ലാതെ
കരിഞ്ഞു പോയിരില
വീ
    ഴു
        ന്നു . .

എന്നെ നീയറിഞ്ഞിരുന്നു
എന്ന കൊമ്പിൽനിന്നും
പൊട്ടി വീണയൊച്ചയിൽ
സ്വപ്നമെന്നെ
പു
     റ
       ത്താ
             ക്കു
                  ന്നു . .



Saturday, June 01, 2019

പുലരി പെയ്യുമ്പോൾ

രാത്രി
നനുത്തു പെയ്തമഴയിൽ
ഒരു സൂര്യൻ പുലരുന്നു
ഞാൻ
ഇലയിൽ ചിരിക്കുന്ന തുള്ളിയാകുന്നു
മുറ്റം മുഴുവൻ
കുളിരായി നീ നിറയുന്നു
അകലെ
അമ്പല മണിയൊച്ചയിൽ
ഒരു ജന്മം പൂവിടുന്നു






Thursday, May 30, 2019

കാറ്റുതൊട്ട അപ്പുപ്പൻതാടി

മറയപ്പെട്ട വെളിച്ചതിനു മുൻപോ പിൻപോ ഒറ്റപ്പെട്ടയിടിവെട്ടിൽ ഒരോർമ്മയുറഞ്ഞിടം..
..ഞാൻ മണ്ണിലലിഞ്ഞ മരം

Wednesday, May 29, 2019

25th Hour

മുന്നൂറ്റി അറുപത്തഞ്ചാം
രാത്രി
അന്നാണ് നിലാവു കോഴിഞ്ഞ്
അവളൊരസ്തമയമായത് ,
മൂന്നാം യാമത്തിലും
ഒറ്റയടിപ്പാതയിൽ ഒരു നിഴൽ
മരണത്തെ കാത്തു  കിടന്നതും .
പുഴേ നീയൊന്നു ചിരിക്കുന്നില്ലേ
കാറ്റേ നീയിവിടില്ലേ
മഴ
അപ്പോഴും അവളുടെ കൂടെയായിരിക്കും



Thursday, April 18, 2019

Unpainted soul

മരത്തിൽ നിന്നു കൊഴിഞ്ഞ
അവസാന ഇല വീണ
സന്ധ്യയിലാണു
വെളിച്ചമേ
നീയെന്നെ കൈവിട്ടത്..



Monday, December 10, 2018

ഇലനീർ

രാത്രിയുടെ
ഒച്ചനിലച്ച
നിലവിളിയാണ്
പെയ്തു തോരാത്ത

ഇല മിഴികൾ..

Tuesday, September 18, 2018

നമ്മിലലിഞ്ഞ പായലുകൾ




നിഴൽവിരിച്ച കാടിനുള്ളിലെ
അരുവിയുടെ അരികിൽ

കുളിർജലമായി
നീയൊഴുകിയൊഴുകുന്നു
നേർത്ത് വീഴുന്ന സൂര്യനാൽ പൊട്ടിച്ചിരിക്കുന്നു..
അരുവി ആകാശമാകുന്നു..

നിശ്ശബ്ദമായിടത്തിൽ ഒഴുക്കിന്റെയൊച്ചയിൽ  എന്നോട് മിണ്ടിയിരിക്കുന്നു.
ഞാൻ കേട്ടും..
ഒരിക്കലുമാവസാനിക്കാതെ
ഞാനൊരു പാറയായി
നിന്നിൽ..നിന്നിൽ
നനഞ്ഞലിഞ്ഞ്..
അലിഞ്ഞ്
എന്നും..

Monday, June 25, 2018

മഴയിൽ കൊഴിഞ്ഞു മണ്ണു പുൽകുമ്പോൾ























പെയ്തു തീരാതെ ഇലത്തുമ്പിലിറ്റുന്ന മഴ..
നിലാപ്പുഴയായി രാത്രി...
ഞാൻ നിന്നിലേക്കൊഴുകുന്ന തോണി...

~

Tuesday, April 18, 2017

..അതെ,

എത്ര പെട്ടന്നാണ്‌ നമ്മുടെ നിഴലുകള്‍ ചെറുതായി നാമില്ലാതായത്!

Monday, March 21, 2016

ഉള്ളിലേക്കു മാത്രം വളരുന്ന വേരുകൾ


തോറ്റ മരമേ
കൊടും വേനലിന്റെ അങ്ങേ തലപ്പത്ത്
കണ്ണീരിലയായി
ഒരു പച്ചപ്പ്

Thursday, March 29, 2012

നാട്ടുവഴിയിലെ മോണിങ്ങ് വോക്ക്


കരിയിലയനക്കങ്ങളില്ലാത്ത
വേനല്‍പുലരിയിലെ
ചെറുതണുപ്പില്‍
ഒറ്റയടിപ്പാത

പാതിമാഞ്ഞ കാലടിപ്പാടുകളില്‍
ചിതറി വീണ പാലപ്പൂക്കള്‍

നക്ഷത്രങ്ങളില്ലാത്ത മാനത്തേക്ക്
ഒരു ചുവന്ന ബിന്ദുവായ്
എത്തിപ്പെടുന്നു
ഈ ദൂരം

Tuesday, July 05, 2011

Hybrot ..

ചില നേരങ്ങള്‍
കണ്ണാടിയിലുടെ ഞാനായി ഇറങ്ങിവരും
പകുതി മാത്രമായ എന്നെത്തേടി
കണ്ണിലെ ബ്ലാക്ക് ഹോളിലൂടെ
ഉള്ളിലേക്ക്..

Sunday, July 03, 2011

കോളറക്കാലം

ഈ മുറിവുകള്‍ ചിരിക്കട്ടെ
വാള്‍മുനയില്‍ തിളങ്ങട്ടെ
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.

Saturday, July 02, 2011

11th ഡയമെന്‍ഷന്‍

തീര്‍ത്തും
വിജനവും വന്യവുമായ
ഒരിടത്തില്‍
എത്തിപ്പെടുന്നൊരു കണിക
മൌനമെന്ന പേരില്‍
പൊട്ടിച്ചിതറിയാല്‍,
കണ്ടെത്താനുള്ള
സാദ്ധ്യത
എത്രമാത്രം വേഗത്തില്‍
ചിതറണം

Tuesday, June 21, 2011

നട്ടുച്ചയാണ്

മങ്ങി മങ്ങി
കാഴ്ച്ചയുടെ താഴ്ച്ചയിലേക്ക്
കെട്ടു പൊട്ടുന്നു പട്ടം

Tuesday, June 14, 2011

വാതിലില്ലാത്ത മുറി

അടച്ചിരുന്നു മടുത്തു

     റ
        ങ്ങി നടന്നു
ചുമരും കൂടെപ്പോന്നു

Thursday, June 02, 2011

തറ പറ

സ്ലേറ്റും പുസ്തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.


Wednesday, June 01, 2011

ചൂണ്ട-വിരല്‍

എനിക്കായി നീട്ടിയ ഇര
ചൂണ്ടിയ നോട്ടത്തില്‍ കൊരുത്ത്
നിന്‍റെ ഇരയായി ഒരിറ്റു കടല്‍


Sunday, May 29, 2011

നിഴലേ

തിരിച്ചുപറയാന്‍ നിനക്കൊരു നല്ലവാക്കുപോലുമില്ല
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം

സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ
ഒന്ന്, രണ്ട്..

ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും

Saturday, May 21, 2011

മാ

വാക്കുകള്‍ പെറ്റുപെരുകി
വീര്‍പ്പുമുട്ടി കാറ്റിലൊഴുകി
ഒച്ചയില്ലാത്ത നിമിഷങ്ങളെ
കേള്‍ക്കുന്നില്ലന്ന് മാത്രം
പറയരുത്


Monday, April 04, 2011

ബ്ലാക്ക്/വൈറ്റ്

നിറങ്ങളെല്ലാം ഉരുക്കിയൊരോര്‍മ്മ
വെള്ളി നൂലായ് തലയില്‍ കിളിര്‍ക്കുന്നു


Monday, March 21, 2011

ഉച്ചയുറക്കത്തിലെ ഉണര്‍ച്ച.









നിഴല്‍ പൊഴിയുന്ന ചുവട്ടില്‍ 
നനഞ്ഞു പൊട്ടിയ വള്ളിപ്പടര്‍പ്പിന്‍റെ മുറുക്കത്തെ 
കാറ്റില്‍ ചലിക്കാന്‍,ചിരിക്കാന്‍ ഞെരിയുന്ന 
കൊമ്പിന്‍റെ വീര്‍പ്പുമുട്ടലുകളെ 
ചൂട് ചായക്കോപ്പയിലമര്‍ന്ന  
ചുണ്ടിന്‍റെ വേദനയെ
ആരുമറിയാതെ പൊതിഞ്ഞെടുത്ത്,
വയല്‍ കടന്ന് മണ്‍വഴി കയറി വന്ന
വെയില്‍ കൊണ്ടു പോകുന്നു.

Tuesday, February 22, 2011

..Bat


തല കീഴായി തൂങ്ങി
ഇരുട്ട് പകലാക്കി
ഉറങ്ങുന്നുണ്ടൊരു
ചിറകടി ഒച്ച

Tuesday, February 15, 2011

അമ്പ്

പുഴ-മരം-കിളി-ഇല
ഉറുമ്പ് വേടനെന്ന
ഭാരം പേറി നടന്നകന്നു

--><--

Wednesday, January 12, 2011

രുചി

തൊടിയിലെ മൂവാണ്ടന്‍ മാവ്
പറങ്കി മാവ് എല്ലാം വെട്ടി
അച്ഛന്‍ മുഖം വെളുപ്പിച്ചു
റബ്ബറാ ഇനിയുള്ള കാലം,
ഉണ്ണാന്‍ കൈകഴുകുമ്പോള്‍
പറയുന്നെ കേട്ടു

പിറ്റേവര്‍ഷം കണ്ണിമാങ്ങാ
രുചിക്കാന്‍ അയലത്ത് പറമ്പില്‍ കയറി
കൊതി പിടിച്ചിട്ടു നിക്കണ്ടേ.

പിന്നെയതു കുറഞ്ഞു വന്നു
റബ്ബറായി ഒഫിഷ്യല്‍ മരം

വില കയറുമ്പോള്‍
സ്നേഹം കൂടി
അല്ലേലും റബ്ബറും ഒരു മരോല്ലിയോ

ഇപ്പോ
മരക്കവിത എഴുതുന്നതിലാ
രുചി.

----<>----

Monday, December 06, 2010

ഉറഞ്ഞുപോകുന്നേരം



കാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്‌
അടമഴയുടെ കനത്ത നൂലിന്‌
ആടിയിളകുന്ന ഈ തിരിനാളത്തിന്‌
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ

മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ
കയ്യെത്താ മുകളിലേക്കു ഇഴയുന്നുണ്ടൊരു നിഴല്‍

കാലത്തെഴുന്നേല്‍ക്കണം
മുറ്റത്തെ പായല്‍കുഴിയില്‍
ഇന്നു ബാക്കിയാക്കുന്ന ഇത്തിരി മഴയില്‍
ഒരു പുലരി നിനക്കായ് കരുതുന്നു.

Thursday, September 23, 2010

വരക്കപ്പെടാതെ

പുറത്ത് രാത്രി തണുത്തുറഞ്ഞ് പ്രകാശിച്ചു, ഇടയ്ക്കേതോ കുളിര്‍കാറ്റ് ആരും കാണാതെ കോലായില്‍ കയറി ഉള്ളിലേക്ക് എത്തിനോക്കിയതറിഞ്ഞത്‌, ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്‌. രാത്രി മുഴുവനും ഉള്ളിലേക്കിറക്കി ഏതോ ലോകത്തേക്ക് ഉയരുമ്പോഴും കാറ്റൊളിപ്പിച്ച പൂമണവും, പതഞ്ഞൊഴുകുന്ന നിലാവിന്‍റെ സംഗീതവും വരച്ചെടുക്കാന്‍ പാടുപെടുകയായിരിക്കും. അതെ, വരും കാലത്തേക്ക് സൂക്ഷിക്കണമെനിക്കവ!

ഇന്ന്, ഗല്ലികള്‍ക്കപ്പുറം നഗരം ഉണര്‍ന്നു കിടക്കുന്നു, മഞ്ഞനിറം കൂടെ കൊണ്ടുവരുന്ന രാത്രിയുടെ മ(ര)ണം ജാലകത്തില്‍ മുട്ടുന്നുണ്ട്, കൈവിടരുതെന്ന് വിലപിക്കുന്നുണ്ട്.

Monday, September 13, 2010

ബാര്‍ബി കരയാറില്ല










നെഞ്ചോട് ചേര്‍ന്നിരുന്ന്
കളിച്ചും ചിരിച്ചും
ഒരുമിച്ചുറങ്ങിയും
പരസ്പരം
ഉള്ളിലലിഞ്ഞു പോയ
നമ്മളിപ്പോള്‍
ഈ മണ്‍പുതപ്പിനുള്ളില്‍
കണ്ണുപൊത്തി കളിക്കുന്നു.
 

Sunday, September 12, 2010

പൊട്ടല്‍

ഒരു സൂചിമുനയുടെ കൌതുകം
മൂര്‍ച്ചയായ് കൊത്തി
ഞാനങ്ങു പൊട്ടി.

Sunday, August 29, 2010

ഏകലവ്യന്‍റെ പെരുവിരല്‍

ക്വൊട്ടേഷനുണ്ട് മാഷെ
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.

--~~~--

ആനുകാലിക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

Monday, August 09, 2010

വളപ്പിലെ കുളം

ഒഴുക്കു നിലച്ച്
പായല്‍ മൂടി
നിശ്ചലം
ഞാന്‍

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ

പ്രകമ്പനങ്ങള്‍ക്കു താഴെ
തിരിച്ചെടുക്കാന്‍ പറ്റാത്ത
കല്ലുകളുടെ
ശവപ്പറമ്പ്

Thursday, July 29, 2010

ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ

മിസ്റ്റര്‍ ഉണ്ണിക്കൊരു
മിസ്സ്ഡ് കോള്‍ മാത്രം
'നെപ്പോളിയന്‍' കുപ്പി
ഉടനെത്തി

ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ

രണ്ടെണ്ണം വിട്ടപ്പോള്‍
മിസ്സാകുന്നു
ഓസ്സിയാര്‍ പൈന്‍റിന്
ബീവറേജ് ക്യൂവിലെ
കുത്തിയിരുപ്പ്

Sunday, July 11, 2010

കാറ്റു വരച്ച അപ്പുപ്പന്‍താടി

വരണ്ട വെയില്‍പ്പാടിലെന്നോ പൊട്ടിപ്പുറപ്പെട്ട് ഇല്ലിപ്പടര്‍പ്പുകളില്‍ തങ്ങി ഇളംകാറ്റില്‍ പൊങ്ങി ഇലകൊഴിഞ്ഞ ചില്ലകളിലെവിടെയോ തട്ടി.വേനലിന്‍റെ ഓര്‍മ്മകള്‍ നേര്‍പ്പിച്ച് നേര്‍പ്പിച്ച്, ആയിരം ചിറകുകള്‍ മുളപ്പിച്ചു.
പിന്നെ പറന്ന്, പറന്ന്..

കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്ന സ്വപ്നത്തിലായിരുന്നു ഇടിവെട്ടി മഴപെയ്തത്.

നാശം ഈ അലാറം; ഉറക്കവും പോയി!

ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.

Sunday, July 04, 2010

തനിയെ സംസാരിക്കുന്ന ഉടല്‍

തലയും വാലും
വെട്ടിമാറ്റി
കഴുകി വെടിപ്പാക്കി
പല തുണ്ടങ്ങളായരിഞ്ഞു.
രുചിഭേദത്തിനായി
പച്ചക്കുരുമുളകരച്ചു
പുരട്ടി.
വറവിന്‌ ഇനിയും
ദൂ ര മേ റെ.
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്.

Thursday, June 24, 2010

നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.

മഴകഴിഞ്ഞു തോര്‍ന്ന മലയില്‍
വഴുക്കിയൊരു വഴി
ഉറഞ്ഞു കിടന്നു.
ഇരുവശവും
നനുത്ത പച്ച
കടുത്ത പച്ചയായി
തലയാട്ടുമ്പോള്‍
പാതയില്‍ പൊങ്ങിയ ആവി
അന്നത്തെപോലെ തന്നെ.

മുന്നിലെ
കുട ചൂടിയ തിരിഞ്ഞുനോട്ടം കാത്ത്
പിന്നില്‍ ഒരു കടല്‍.
നനഞ്ഞ മണ്ണില്‍
കൊഴിഞ്ഞു വീണ
കൊലുസിന്‍റെ ഇതളില്‍
ഇന്നും
ഒരു ചുംബനം ബാക്കിയാകുന്നു;

അകലെ കോടയില്‍ മുങ്ങി
ഇല്ലാതാകുന്നുണ്ടൊരു മല.

~0O0~

Monday, May 10, 2010

ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍







പൊരിച്ച അയലത്തലയിലെ കണ്ണ്
രുചിയുടെ മറ്റൊരു ഭാവം തരുന്നത്,
കാഴ്ച്ചയുടെ അപാരതയിലായിരിക്കാം.

കണ്ണ്‌ തിന്നുന്നവന്‍റെ നോട്ടങ്ങള്‍ക്ക്
മങ്ങലുണ്ടാകുമെന്ന് പറഞ്ഞ
നാണിത്തള്ളയും
ചുണ്ടരിവാളില്‍ കൊത്തി
കുഞ്ഞനുറുമ്പിനെ തിന്നിരുന്നത്
കാഴ്ച്ച മുറുക്കുവാനായിരിക്കണം.

ഇരുട്ടിലും തിളങ്ങിയ നിന്‍റെ കണ്ണില്‍
രുചിയോടെ കത്തി താഴ്ത്തിയപ്പോള്‍
മറയപ്പെടുമെന്നു കരുതിയ കാഴ്ച്ച
ചിതറിച്ചിരിച്ചു.

ചോരകുതിര്‍ത്ത മണ്ണില്‍
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.


--00--



Wednesday, April 21, 2010

ടോം 'N ജെറി കാണുന്നവര്‍


കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.



Monday, April 19, 2010

പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.


കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം
പറയാതെയറിയാതെ
തുളുമ്പിയൊഴുകി.

ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.

-~~-

Wednesday, April 14, 2010

തുലാസിന്‍റെ മൂന്നു തട്ടുകള്‍

യുദ്ധത്തിന്‍റെ അവസാന യാമത്തില്‍ വിധിനടപ്പാക്കാന്‍ ദൈവം മൂന്നു തട്ടുള്ള തുലാസ് തേടുന്നത് നീതിദേവി ഒളികണ്ണിലൂടെ കണ്ടു. പട്ടാളക്കാരനും ഒളിപ്പോരുകാരനും ഒന്നുമില്ലാത്തവനും ഒരുപോലെ തൂങ്ങുമ്പോള്‍ എവിടെയാണ്‌ ഭാരമെന്ന് രുധിരരുചിയില്‍ കാറ്റ് ചൊടിച്ചു!


The Hurt Locker കാഴ്ച്ച തന്നത്

Thursday, March 25, 2010

തുള്ളികള്‍,പ്രണയത്തുള്ളികള്‍











ഒന്ന്

മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.

രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.

നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.

അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.

ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.

--oXo--

eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

Thursday, March 18, 2010

..


വറ്റല്‍

ഉള്ളൊതുങ്ങി
തോല്‍ ചുരുക്കി
മുറുകുകയാണ്‌
വറചട്ടിയില്‍
ഒരു വറ്റല്‍ മുളക്.

--oOo--


ഠേ..,

ഒരു വെടി
പുക, ചിറകടി.

രണ്ടു പക്ഷികളല്ല, എല്ലാം പറന്നു.
വീണത് തോക്കായിരുന്നു!

--oOo--

Monday, March 08, 2010

പ്രൈസ് റ്റാഗ്


12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം

ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.

തുളുമ്പിപ്പോയ നിഴലുകള്‍
ആവിയായി.

ബെഡ് റൂമിലെ
തുരുമ്പു തിന്നുന്ന തകരപ്പെട്ടിയില്‍
ഒളിപ്പിച്ച സ്വപ്നം
പാവക്കുഞ്ഞുങ്ങളായി ഉറങ്ങുന്നു.

രാത്രി മറവില്‍
ആരും കണാതെ
കണ്ണീരും മുലപ്പാലും ചുരത്തിയിരുന്നപ്പോള്‍
വരണ്ട പാടങ്ങളില്‍ ഇടിവെട്ടി മഴ.

തുന്നിയ സ്നേഹം
കുഞ്ഞുടുപ്പുകളില്‍ ചിതലായി
അരിക്കുന്നു.

സഹതാപം,
സ്നേഹം,
കുരക്കുന്ന പരിഹാസം;
എത്രയെത്ര വര്‍ണ്ണങ്ങള്‍.
ഒച്ചയില്ലാത്ത നെടുവീര്‍പ്പുകള്‍
നിറമില്ലാതെ ഒടുങ്ങി.

ഇലഞ്ഞി പൂത്തൊരു നിലാവില്‍
ആയിരം കുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന സ്വപ്നത്തിലാണ്‌
ഉറഞ്ഞ്, ഉറങ്ങിപ്പോയത്.

എത്ര കോരിയൊഴിച്ചാലും
മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്.

പൂര്‍ത്തിയായൊരു ചിത്രം.
ഇനി വിറ്റുപോകാനുള്ള കാത്തിരിപ്പും,
കേള്‍ക്കാവുന്ന ചിലതും

നൈസ് വര്‍ക്ക്,
നല്ല പെയിന്‍റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?


എഴുത്തുപുരയില്‍
പ്രസിദ്ധീകരിച്ചത്



Sunday, February 21, 2010

രണ്ട് പോക്ക്





















ഒറ്റവരിയിലെ കവിത


വരിയില്‍ തെറ്റി
തെറിച്ച് പോയൊരു
വാക്ക്
ഒളിച്ച് വെച്ചത്.

ഇഴച്ചില്‍

ചവറ്റു കുട്ടയില്‍
ഉപേക്ഷിച്ച വരി
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.


Sunday, January 31, 2010

പാതാളക്കരണ്ടി







തിരയടങ്ങാത്ത
ഓളപ്പരപ്പും കടന്ന്
ആഴങ്ങളില്‍ ആഴമളന്ന്
അടിത്തട്ടില്‍
തേങ്ങലില്‍ ചെന്നു തട്ടി.

Thursday, January 21, 2010

വര്‍ഷം ഒന്നായി പനി വന്നിട്ട് !

കാണുമ്പോഴെല്ലാം
നീ നിന്നോടു തന്നെ
കലഹിക്കുന്നുണ്ടാകും.

അതുമല്ലെങ്കില്‍
ചുട്ടു പൊള്ളുന്ന
ചുറ്റു പാടുകളില്‍
ആശങ്കപ്പെടുന്നുണ്ടാവും!


കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.

ഒരു പനി വന്നിട്ട്
വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?

-!!-

Sunday, January 03, 2010

ഹാ..

എന്‍റെ മണ്ണേ
മാനമേ
നിറവേ
നിന്നെ
ഞാനൊന്ന് ചുംബിച്ചോട്ടേ..

Tuesday, December 29, 2009

നിശ്വാസം





വെളിച്ചം പിച്ചവെക്കുന്ന
അരണ്ട മുറിയുടെ
തണുത്ത ഭിത്തിയില്‍
ഇഴയുന്ന കാറ്റ്,
കീറിത്തൂങ്ങിയ കലണ്ടറിന്‍റെ
അവസാന താളിലെഴുതിയത്.

Monday, December 07, 2009

വികൃതാക്ഷരങ്ങള്‍










മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്‍റെ ഒലിച്ചു പോക്ക്‌.


ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.

.......

ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്


Tuesday, December 01, 2009

നിനക്കറിയില്ല

സുഹൃത്തേ,
നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.

കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.

എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.

ഇനി രസിക്കാം

പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..

നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..

ഹേയ്, ഞാനാടൈപ്പല്ല.

---0-0-0-----

Sunday, November 22, 2009

ഡിസംബറിന് പറയാനുള്ളത്..









നിശ്ശബ്ദത
കണ്ണാടി നോക്കുന്ന
തടാക പരപ്പിനെ
പ്രണയിച്ചു
പ്രണയിച്ചു
കൊതി തീരാതെ
പൊതിഞ്ഞുറങ്ങുന്നു
മഞ്ഞിന്റെ കമ്പളം.

ശ്..ശ്ശ്!

~~~

Wednesday, November 18, 2009

ഒഴുക്ക്







തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.


--~~~--


പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.

Sunday, November 15, 2009

രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്‍














ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.

കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം

'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'

വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.


--@--

Thursday, November 12, 2009

തിരുത്ത്













മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍
‍തെളിയാത്ത
അക്ഷരക്കൂട്ടുകളില്‍
‍ചികയുക, തി-രു-ത്ത് !


--<>--

Tuesday, October 20, 2009

അരാഷ്ടീയക്കാഴ്ച്ച









പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു

വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍

രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലിഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
.....

eപത്രം മാഗസിന്‍ മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്.


Sunday, October 04, 2009

വിട..


ജ്യോ - നിനക്ക്  ആദരാഞ്ജലികൾ


അക്ഷരങ്ങളിലൂടെ മനസറിഞ്ഞ
പൊന്നു സുഹൃത്തേ,
നിന്റെ ഹൃദയം ഞാനെന്നില്‍ സൂക്ഷിക്കുന്നു.

Sunday, September 27, 2009

ക്രി..ക്രി

പൊട്ടക്കിണറ്റിലെ തവള
പൊട്ടനാണന്നു കരുതരുത്.

സൂക്ഷിക്കുക,
ചിലപ്പോളത്
നമ്മുടെ ഉള്ളില്‍ നിന്നും
പുറത്തു ചാടും.


.......o0o.............

Wednesday, September 16, 2009

സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍

രാത്രിയുടേയോ
പകലിന്റേയോ മറവില്‍
ജനിച്ചു

കണ്ടിട്ടും
കാണാപ്പുറങ്ങളില്‍
ജീവിച്ചു

കൊണ്ടുപിടിച്ച
കോലാഹലങ്ങള്‍ക്കു നടുവില്‍
ഉറങ്ങി

അവസാനം ഞാന്‍
കൊല ചെയ്യപ്പെട്ടു

ഇപ്പോള്‍
ഈ കുഴിമാടത്തില്‍
അപരനെ നോക്കി
വിറങ്ങലിച്ചു കിടക്കുന്നു.

--

Sunday, September 13, 2009

അണ്‍ടൈറ്റില്‍ഡ്

നിനക്കായ് കരുതിയൊരീമുളം തണ്ടിനെ
മാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ

എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തി‍ന്‍ തെന്നലായ്

രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ

ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍

മാനത്തെ മുകിലിനോടായിപ്പറയും ഞാന്‍
സ്നേഹം നിറഞ്ഞൊഴുകീടുമീ വേദന

അത്രമേലായി കവിഞ്ഞൊരി പ്രേമത്തിന്‍
തപ്ത നിശീഥമനന്തമാമെന്‍ ഗാനം.

----oOo----

Tuesday, September 08, 2009

കൊട്ടേഷന്‍

കൊട്ടേഷന്‍ കൊടുത്തു
കൂലിയും നല്കി,
ഉടന്‍ തന്നെ തട്ടുമെന്ന് സംഘം

മുറിയിലെത്തിയപ്പോള്‍
വീണ്ടുമതാ മൂലയിലവന്‍,
ഏകാന്തത !

Friday, August 28, 2009

ഒന്നും മാഞ്ഞുപോകുന്നില്ല.










അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.

--o0o---
ചിത്രം കടപ്പാട് ഇവിടെ

Tuesday, August 18, 2009

ആപേക്ഷികം













പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.

ആ സമയങ്ങള്‍
കാണാത്തതുകോണ്ട്
ഈ നുണ
വിശ്വസിക്കും ഞാന്‍.

എന്റെ വിശ്വാസങ്ങളില്‍
വേറൊരാള്‍ കൈവെക്കുമ്പോള്‍,
എന്റെ നുണയും
നിങ്ങള്‍ വിശ്വസിക്കണം!

'അഛന്‍ പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'


Sunday, August 16, 2009

ദള മര്‍മ്മരം













കലാലയത്തിന്റെ
ഇരുണ്ട ഇടനാഴിയുടെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.

കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.

പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.

കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!

അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..

അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.

Tuesday, August 11, 2009

നായാട്ട്

ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !




Sunday, August 09, 2009

തണല്‍ തേടുന്ന ശിഖരങ്ങള്‍










തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!

Tuesday, July 28, 2009

തലകീഴായ് തൂങ്ങിയ തോന്നലുകള്‍






വരിവരിയല്ലാതെ,
തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...

വെറുമൊരു
വഴിയാത്രക്കാരന്റെ
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?

*ഷെയ്ക്ക് സെയ്ദ് റോഡ് - ദുബായ് അബുദാബി ഹൈവെ

Monday, July 13, 2009

നരകത്തിലെ കോഴി












നരകത്തിലെ കോഴി
തിരിയുകയാണ്

കരിഞ്ഞ മണം
പരക്കുകയാണ്

കഫത്തിരിയയിലെ ചെക്കന്‍
വിളിക്കയാണ്

കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി !

Sunday, June 28, 2009

അപ്പുറം








ഇപ്പുറമിരിക്കുമ്പോള്‍

കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...

Tuesday, June 16, 2009

നിന്നിലെ ഞാന്‍.

ഒന്നു സൂക്ഷിച്ചു നോക്കി
ചരിഞ്ഞും കിടന്നും..

ഇല്ല..
പരിചയമൊന്നുമില്ല !

എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...

Monday, May 25, 2009

കൂട്ട്

തോറ്റ തോല്‍വി
തിരിഞ്ഞു നടന്നു,
കാരണമൊന്നും
കൂട്ടിനു കിട്ടാതെ..!

Thursday, October 16, 2008

പരിണാമം









വിശ്വാസം ഒരുനാള്‍
മതത്തിനേയും പേറി
ഒരു യാത്ര പോയി..

പലനാള്‍ കഴിഞ്ഞ് മതം,
വിശ്വാസവും ചുമന്ന്
തിരിച്ചു വരുന്നതു കണ്ടു !


Monday, September 15, 2008

കുടി തേടുന്നവര്‍.









മരക്കൊമ്പില്‍ കുരുക്കിട്ട്
മരണം കാത്ത് ഗതികെട്ടിങ്ങനെ,
ഇവിടെവരെ എത്തീ ഞങ്ങള്‍ !

കുടിയിറക്കപ്പെട്ട കാടിന്റെ മക്കള്‍
കശക്കിയെറിഞ്ഞ സത്വവും പേറി.

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

ഇനിയൊരു വെടിയൊച്ച
കേള്‍ക്കും മുന്നേ,
ഗതികേടിന്‍ കുരുക്കില്‍
...ഗതികെട്ടിങ്ങനെ..

Sunday, September 14, 2008

നിഴല്‍

ഒരിക്കല്‍ വെളിച്ചം
നിഴലിനോടായി,
എന്തേ പിന്‍തുടരുന്നു ?

അതെ,
നീയാണെനിക്കു നിഴല്‍.