..

-..-

Monday, December 07, 2009

വികൃതാക്ഷരങ്ങള്‍


മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്‍റെ ഒലിച്ചു പോക്ക്‌.


ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.

.......

ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്


23 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.

Sukanya said...

കുറേപേര്‍ ഇവിടെ കവിതയില്‍ മുത്തുകളായി.

Kunjipenne - കുഞ്ഞിപെണ്ണ് said...

nannayi

നീലകുറിഞ്ഞി said...

കവിത ഇഷ്ടമായി, ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥയുമുണ്ടല്ലോ?

കുമാരന്‍ | kumaran said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

അക്ഷരമായി പകരുന്ന വെളിച്ചം

ഒരു നുറുങ്ങ് said...

അക്ഷരപ്പെരുമഴയില് നനഞ്ഞു,ചോരുന്നകുടയിലും
കുടവടിയിലും കമ്പിയിലും തൂങ്ങിഞെരുങ്ങുന്നു ഈ
അക്ഷരക്കൂട്ടങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുറുക്കെ പിടിച്ചോണം ട്ടാ :)

ആഗ്നേയ said...

വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്‍റെ ഒലിച്ചു പോക്ക്‌.

ഈ വരികളാണ് കൂടുതലിഷ്ടമായത്

ആഭ മുരളീധരന്‍ said...

തികച്ചും കാലികമായ വിഷയം സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു.

സ്നേഹത്തോടെ
ആഭ

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

അക്ഷര കുലപതികള്‍ വിരിച്ച കീറത്തുണിയില്‍ രാഷ്ട്റീയക്കാര്‍ ചൊരിഞ്ഞ നാണയത്തുട്ടുകള്‍ തിളങ്ങുന്നു.അവയെയാകാം
അക്ഷരങ്ങളിലൊരുവന്‍ കെട്ടിപ്പിടിച്ചത്.
അതും
കാലു തെറ്റി ഓടയില്‍ വീഴാതിരിക്കാന്‍ ഉള്ള തത്ത്രപ്പാടിനിടയിലായിരുന്നു

പഥികന്‍ said...

ഇഷ്ടപ്പെട്ടു. പ്രസക്തമായ വിഷയം.

സന്തോഷ്‌ പല്ലശ്ശന said...

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു

വരും തലമുറക്ക്‌ ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ഒരു പിന്നാമ്പുറവും കരയെവിടെയെന്നറിയാനാവാത്ത അബോധമായ ഒരു മുന്നാമ്പുറവും ആയിരിക്കും നമ്മുടെ സംഭാവന. മുന്നും പിന്നും നോക്കാതെ അവര്‍ ജീവിച്ചു മരിക്കും. നമ്മളെ യൂണിഫോമിടിച്ച്‌ കോണ്‍വെന്‍റിലേക്കയച്ചത്‌ നിങ്ങളല്ലെ ന്ന്‌ നമ്മള്‍ കഴിഞ്ഞ തലമുറയോട്‌ പരിഭവം പറഞ്ഞു. ഇനി വരും തലമുറയില്‍ നിന്ന്‌ നമ്മള്‍ എന്തൊക്കെ കേള്‍ക്കേണ്ടിവരും വല്ല ഐഡിയയും ഉണ്ടൊ... അവര്‍ക്ക്‌ ഇനി ഈ ചിന്നിയ അക്ഷരങ്ങള്‍ എന്തിന്‌... ?

jyo said...

നന്നായിരിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ടതു കനവ് ആയിരുന്നില്ലെ??? അക്ഷരങ്ങളേ കനവുകള്‍ക്കു മാത്രമേ ഈ ചുറ്റുപാടുകളില്‍ ഒക്കെ എത്തിക്കാന്‍ കഴിയൂ.സ്വപം മാത്രം കണുന്നവര്‍ അല്ലെ അക്ഷരങ്ങളെ വികൃതമാക്കുന്നുള്ളു.???

ചിന്തയും അവതരണവൂം ഉഗ്രന്‍

മര്‍ത്ത്യന്‍ said...

അടിപൊളി സീ പീ :)

Bijli said...

കിടിലന്‍...!!ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാവുമ ല്ലെ..??ഈ തൂലികയിലൂടെ ഊര്‍ന്നിറങ്ങുന്ന അക്ഷരങ്ങള്‍ക്ക് ഇനിയും ഒരുപാട് സംവദിക്കാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

നല്ല കവിത..

മാണിക്യം said...

ഇഴയടുപ്പമില്ലത്ത മറ്റു ബന്ധങ്ങള്‍
പോലെയല്ല അക്ഷരങ്ങളുടെ കൂട്ട് -
അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.
അതേ ഓരോ കഥ പറയുന്ന ഒരോ അക്ഷരങ്ങള്‍!

otherside said...

shtappettu. orupadu.

Anilkumar MR said...

വികൃതാക്ഷരങ്ങള്‍ തന്നെ ജീവിതം-kavitha ഉജ്ജ്വലം!

തണല്‍ said...

മനുഷ്യാ,
ബോധമില്ലാത്ത മനുഷ്യാ,
മികച്ചവയില്‍ ഒന്ന്!

കൊടുകൈ!!

സ്നേഹതീരം said...

കുറെ അക്ഷരങ്ങള്‍ ഞാനും പെറുക്കിയെടുത്തു, അവിടന്നും ഇവിടന്നുമൊക്കെ. എന്നിട്ടെന്താവാന്‍ ! തിരിച്ചും മറിച്ചും കൂട്ടിവച്ചുനോക്കി. ഒന്നുമായില്ല, എന്തേ ഇങ്ങനെ?അക്ഷരങ്ങള്‍ക്ക് നന്നായി അടുക്കിച്ചേര്‍ത്ത് സുന്ദരമായ കവിത രചിക്കുന്ന ഈ മികവിന് അഭിനന്ദനം.