..

-..-

Friday, August 28, 2009

ഒന്നും മാഞ്ഞുപോകുന്നില്ല.










അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.

--o0o---
ചിത്രം കടപ്പാട് ഇവിടെ

21 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അമ്മമ്മക്ക്, കൊച്ചുമകന്റെ ഈ ഹൃദയം

ഓണാശംസകള്‍

വിനുവേട്ടന്‍ said...

എന്റെയും കുടുംബത്തിന്റെയും ഓണാംശംസകള്‍...

yousufpa said...

ഓണാശംസകള്‍....ആ കുട്ടിക്കാലം മായാതെ മങ്ങാതെ ഇന്നും മനസ്സില്‍ .അസ്സലായിട്ടുണ്ട്.

ഓ.ടൊ.പടത്തിന്‌ ഗൂഗിളിനോട് കടപ്പാട് പറയൂ...

Anonymous said...

കവിതകളെല്ലാം വായിച്ചു.. തീരെ പോര.. (മുട്ട ഇടാന്‍ പറയരുത്.)

വെറുതെ എഴുതിക്കൂട്ടുന്നതിനു പകരം നന്നായി ഒന്നു രണ്ടെണ്ണം എഴുതു..എഴുതിയത് മാറ്റി എഴുതി നോക്കൂ.. നന്നാവും.

kichu / കിച്ചു said...

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!...........

ഓറ്മകളിലെ ഓണത്തിന്റെ തിരയിളക്കങ്ങള്‍ക്ക് സുഗന്ധം...:)

ഒരു നുറുങ്ങ് said...

അതെ സി പി,
“ഒന്നും മാഞ്ഞുപോകുന്നില്ല.”മറഞ്ഞും...
ആ വെള്ളക്ക വണ്ടി എവിടുന്നാ,
അതെന്‍റെ ഇന്നലെ കളഞ്ഞു പോയ വണ്ട്യന്നാ..
തിരിച്ച് തന്നതിനു’ശുക്റന്‍‘! ഇനിയാ‘കുറുഞ്ഞി’യേം
ഒന്നു തിരിച്ചു തന്നേര്...

ഓണാശംസകള്‍

വയനാടന്‍ said...

നന്നായിരിക്കുന്നു,
ഓണാശംസകൾ സുഹ്രുത്തേ

Anil cheleri kumaran said...

ഇതാണു ശരിയായ ഓണം....
മനോഹരമായ കവിത..

ആശംസകൾ..!

സ്നേഹതീരം said...

ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല

അതെ. ഒന്നും മാഞ്ഞുപോകുന്നില്ല. വീണ്ടും ഗൃഹാതുരത്വമുണര്‍ത്തി, ഒരു പൊന്നോണം കൂടി..
കവിത നന്നായിട്ടുണ്ട്. ആശംസകള്‍.

ഹരിയണ്ണന്‍@Hariyannan said...

ഓര്‍മ്മകളിലുള്ള ഓണമായിരിക്കും
മധുരതരം.

Vinodkumar Thallasseri said...

ഓണ ഓര്‍മകള്‍ നന്നായി. ആശംസകള്‍.

ശ്രീ said...

വളരെ നന്നായി, മാഷേ.
ഓണാശംസകള്‍!

the man to walk with said...

ഓണാശംസകള്‍!

വിജയലക്ഷ്മി said...

mone ,atheeva hrudaya sparshiyaaya kavitha..nalla varikal..ithu oru onassammaanam thanne .
dineshinum ,kudumbhathhinum hrudayam niranja onaashamsakal!

Kaithamullu said...

നൊസ്റ്റാള്‍ജിയാ മനസ്സില്‍ നിറയ്ക്കുന്ന കവിത!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വിനുവേട്ടന്‍|vinuvettan,
യൂസുഫ്പ ,
Anonymous ,
kichu / കിച്ചു,
haroonp,
വയനാടന്‍,
കുമാരന്‍ | kumaran,
സ്നേഹതീരം,
ഹരിയണ്ണന്‍@Hariyannan,
Thallasseri ,
ശ്രീ,
the man to walk with,
വിജയലക്ഷ്മി

:)
സന്തോഷം ..

എല്ലാവര്‍ക്കും നന്മ നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശശിയേട്ടാ, ഓണാശംസകള്‍

കൃഷ്ണഭദ്ര said...

കൊള്ളാം നന്നായിട്ടുണ്ട്


തുടര്‍ന്നും പ്രതീക്ഷിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

..ഒന്നും മാഞ്ഞുപോകുന്നില്ല..........മറക്കുന്നും ഇല്ല. കഴിയുന്നില്ല,കഴിഞ്ഞില്ല എന്നതാണ് സത്യം.

വേദനകള്‍ക്കു നടുവിലെ ഒരു ഓണമായിരുന്നു ഇത്തവണ.വരാനും വായിക്കാനും കഴിഞ്ഞില്ല. വൈകിവന്നു. ക്ഷമിക്കില്ലെ...

കുക്കു.. said...

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല

:)

Anonymous said...

അതിമനോഹരം..ഇതില്‍ കൂടുതല്‍ എന്തുപറയാന്‍...?
പിന്നെ അനോണിമസ് പറഞ്ഞത് കാര്യമാക്കണ്ട..അതിന് മരുന്നില്ല...