Sunday, December 30, 2007
പുനര്‍ജ്ജന്മം
എല്ലാവര്‍ഷവും ഡിസംബര്‍ 31 ന് ;
വീണ്ടും ജനുവരി ഒന്നിനു ജനിക്കാന്‍ !!
Thursday, December 06, 2007
മണ്‍ചെരാതുകള്‍ ചിരിക്കുമ്പോള്‍..
കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍ചെരാതുകള്‍ ഞങ്ങള്‍ !
-ഓ.എന്‍.വി.
എന്നുമാ പ്രകാശം കത്തിനിന്നു,
കുഞ്ഞു കണ്ണു ചിമ്മിയപ്പോള്‍
ആദ്യം അമ്മയായി
മുലപ്പാലിന് മണമായി..
പിന്നെ ചേച്ചിതന്‍
സ്നേഹ സ്പര്‍ശമായി..
തലമുറ അനുഭവങ്ങള്‍ പകര്‍ന്ന
മുത്തശ്ശികഥയായി..
കളിക്കൂട്ടുകാരിതന്‍
ക്ഷണിക പരിഭവമായി..
അറിവിന് നിറവു പകര്‍ന്ന
ഗുരുവിന് വെളിച്ചമായി..
ആദ്യാനുരാഗത്തിന്
നൊമ്പരം തന്ന പ്രണയിനിയായി..
നന്മതന് വസന്തമായി
വന്നെത്തിയ പ്രിയ പത്നിയായി,
പുത്രിയായി..
ആത്മാവിന് സാരാംശം ചൊല്ലിയ
സ്നേഹ ദീപമായി..
..എന്നുമാ മണ്‍ചെരാതുകള്‍ കത്തിനിന്നു.
ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!
-------------------------------------------------------------------
സമര്‍പ്പണം,
ഈ കവിതക്കു പ്രേരകമായ ഫോട്ടോ എടുത്തയച്ചുതന്ന എന്റെ
പ്രിയ സഹധര്‍മ്മചാരിണിക്ക്.. കൊള്ളാമെടോ..കീപ്പ് ഇറ്റ് അപ്..!!
Wednesday, November 21, 2007
ഇന്നെന്‍ പ്രഭാതം

മഞ്ഞിന് മൂടുപടവുമേന്തി
ഇന്നെന്‍ പ്രഭാതം,എത്ര സുന്ദരം !
മകരക്കുളിരില്‍ മനമാകെ നിറഞ്ഞു
മെല്ലെ നടന്നു, വിജനമീ വീഥിയില്‍
മടിയോടെ പൊങ്ങുന്ന കതിരോന്റെ പൊന്‍ കതിര്
മെല്ലെ തിളങ്ങുന്നു, മിനാരത്തിനപ്പുറം
കുറുകിപ്പറക്കുന്ന പ്രാവിന്റെ ചിറകടി
അലിയുന്നു,ബാങ്കു വിളികളില്‍ അകലെയായ്.
താരിളം തെന്നല്‍ മെല്ലെ തലോടുന്ന
ചാരു ലതകളില്‍ തുള്ളുന്ന നീര്കണം
ഇറ്റിറ്റു വീഴാനായ് വെമ്പുന്ന തുള്ളിയില്‍
തട്ടിച്ചിതറുന്നു ബാലകിരണങ്ങള്‍
വെള്ളപ്പുതപ്പിലുറങ്ങുന്ന ജലവീഥി
കീറിമുറിക്കുന്നു എകനായ് ആ തോണി
പാറിക്കളിക്കുന്ന ദേശാടനക്കിളി
ആഘോഷമാക്കുന്ന സുന്ദര പ്രഭാതം.
അങ്ങു ദൂരെനിന്നിങ്ങടുത്തെത്തി
മൂന്നുപേര്‍, ഒരു കുടുംബം
എത്ര പ്രകാശമാ കുഞ്ഞിന് വദനത്തില്‍
നന്മതന് പ്രഭാതമായ്, കണ്ടു നിറഞ്ഞു.
ജീവിത സന്ധ്യയിലെത്തിയ രണ്ടുപേര്‍
എന്നെ കടന്നു പോയ് വേഗത്തില്‍, മുന്നോട്ടായ്
ഇനിയെത്ര ജന്മങ്ങള് കിട്ടിയാലടങ്ങില്ല
അത്ര സുന്ദരമീ പ്രഭാതം..
-------------------------------------------------------------------------
നനുത്ത ഒരു ദുബായ് പ്രഭാതത്തിന്റെ ഓര്‍മ്മക്കായി...
Thursday, October 04, 2007
അവസാന പര്‍വ്വം..
അവസാനയാമത്തിലേതോ
മയക്കത്തില്‍, കണ്ടു;
വാനിലാക്കാഴ്ച, തെല്ലൊന്നടുങ്ങി
എങ്ങും വന്യമാം കാര്‍മുകില്‍മാത്രം
പൊങ്ങുമലിയുന്ന രോദനമിങ്ങനെ
‘എവിടെയെന്‍ പാഷാണം,
തരൂഞാനൊന്നു മ്യത്വുവരിക്കട്ടെ’
പരിചിതമീ ശബ്ദം
പരതി,പതറാതെയെന്‍ മിഴികള്‍
വിഷണ്ണനായ്, തെളിഞ്ഞാരൂപം
പിന്നോട്ടായ് പാഞ്ഞഗ്രജന്‍
പൂര്‍വ്വകാലം തേടി
ഓര്‍മ്മതന്‍ വീഥിയില്‍ ചിന്നിചിതറിയ
പോക്കുവെയിലിന്റെ നീണ്ട നിഴലുകള്‍
ഒരുകയ്യിലൂന്നു വടിയും
മറുതോളില്‍ രണ്ടാംമുണ്ടുമേറ്റി
യേകനായ് നടന്നടുത്താവയോധികന്‍,
കൂട്ടിനായെന്നും തന് നിഴല്‍മാത്രം !
തൂവെള്ളത്താടിയില്‍
പൊഴിയുന്നൊരു ചെറുചിരി
നനച്ചെന്‍ മനമാകെയേതോ കുളിര്
ഹാ,യെത്ര സുന്ദരം !
എന്നുമാ കൂടിക്കാഴ്ചയെന്നും
പ്രതീക്ഷിച്ചു കൊണ്ടെന്നു
മെന്‍ സായാഹ്നത്തില്‍
വന്നുവാ കുളിര്‍തെന്നല്‍
ഒരുപാടു ജീവിത
പൊരുളുകളെപ്പോഴും
പറയുമാ വിറയാര്‍ന്ന നിസ്വനം,
നിറയുമെന്‍ മിഴിയും മനവുമൊരുപോലെ
പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !
അന്നു ഞാന്‍ കണ്ടീലാ,
വിജനമീ മണ്‍പാത
എവിടെയാ പാല് പുഞ്ചിരി
ഇരുളായ് എന്‍ മനം..
ഒരുനാള്‍ എന്നെത്തേടി
യെത്തി ഝടുതിയില്‍
മാവദനത്തില്‍, കൂരിരുട്ടു മാത്രം
കെഞ്ചുന്നാ സ്വനം
‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
തരിച്ചിരുന്നു ഞാനെന്തു
ചൊല്ലുവാനറിയാതെയൊരു മാത്ര
ഒതുക്കി ഞാനെന്‍ കരങ്ങളിലാ
ചുളുങ്ങിയ ശരീരം,തീഷ്ണമായ്
ഒഴുകുന്നൊരു പുഴ
സ്നേഹമായ്,സ്വാന്തനമായ്
തലചായ്ക്കാനൊരുനെഞ്ചെങ്കിലും !
ഒത്തിരി സായാഹ്നങ്ങള്‍
സന്ധ്യയായെരിഞ്ഞമര്‍ന്നൊരു
നാള് ഞാനും പറന്നകന്നേകനായ്
പൊയ് വീണ്ടുമാ പുണ്ണ്യം.
ഇന്നു ഞാന്‍ കണ്ട കിനാവിലാ
വിളി,വീണ്ടും മുഴങ്ങുന്നു..
കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം !
--------------------------------------------------------------
നടക്കാവു ബിലാത്തിക്കുളത്തെ താമസക്കാലത്തു എന്നും
Sunday, September 09, 2007
" എ ബ്രീഫ് ഹിസ്റ്ററി ഓഫ് ചാണകം"
അതെ ഈ തലക്കുറി തന്നെയാണെന്റെ കണ്ണുകള്‍ക്കും കൌതുകമായത്.അലസമായി മറിച്ചുകൊണ്ടിരുന്ന ആനുകാലിക താളുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഈ കഥയിലേക്ക് എന്റെ കണ്ണുകളെ എത്തിച്ചതും അതുതന്നെ.
പണ്ടെങ്ങോ വായിച്ച ഒരു മേതില്‍ സ്യഷ്ടി, 'തൂങ്ങിക്കിടന്ന റിസീവര്‍ പറഞ്ഞ കഥ' ഉണ്ടാക്കിയ പോലൊരെഫക്ട്..!!..സംശയമില്ല, അങ്ങനെ തന്നെ.. ആര്‍ത്തിയൊടെ കഥയുടെ ആദ്യവാചകത്തില്ലേക്ക് ഊളിയിട്ടു.
'ശ്ശെ..ഈ നശിച്ച ചാണകം..ചവിട്ടീല്ലോ..'
കഥാകാരന് ചാണകത്തില്‍ ചവിട്ടിയതിന്റെ അമര്‍ഷത്തിലൂടെ കഥയാരംഭിക്കുന്നു...പിന്നെ പലതിലേക്കും..! പ്രത്യേകിച്ചൊരു ചലനവും സ്യഷ്ടിക്കാതെ കഥ അവസാനിക്കുകയും ചെയ്തു, ചാണകം പുരണ്ട ഈ തലക്കുറിയൊഴിച്ച് !
അതെ താങ്കളും വഞ്ചിക്കപ്പെട്ടിരിക്കുന്നു !!
Thursday, August 09, 2007
മഴയുടെ സംഗീതം..
കറുത്ത പൊട്ടുകള്‍ അങ്ങിങ്ങവശേഷിപ്പിച്ചു കടന്നുപോകുന്ന
ബി.ആര്.പ്രസാദിന്റെ കവിത, വെട്ടം എന്ന സിനിമയില്‍.
മഴ തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി,
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്ന നാള്,
കാറ്റാലെ നിന് ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ,
നീളുന്നൊരീ മണ്പാതയില് തോളോടുതോള്‍ പോയീലയൊ..
ഇടറാതെ ഞാനാക്കയ്യില്‍ കൈ ചേര്‍ക്കവെ
മയില്‍പ്പീലി പാടും പോലെ നോക്കുന്നുവൊ
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനൊ
ആശിച്ചു ഞാന്‍ തോരാത്തൊരീ
പൂമാരിയില്‍ മൂടട്ടെ ഞാന്‍
കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിന് ദാഹം തീര്‍ന്നീടവെ
വഴിക്കോണില്‍ ശോകം നില്പു ഞാനേകനായ്
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍
മഴയെത്തുമാ നാള് വന്നിടാന്‍..
-----------------------------------------------------------------------------
-----------------------------------------------------------------------------
Wednesday, August 01, 2007
ശാരൂട്ടിക്ക് മൂന്നാം പിറന്നാളാശംസകള്‍.
ഇന്നാണ് ഞങ്ങളുടെ ശരൂട്ടിയുടെ മൂന്നാം പിറന്നാള്‍.ഒരായിരം സ്നേഹാശംസകള്‍..
ഇന്നലെ അവളെ ഫോണ്‍ ചെയ്തപ്പൊള്‍ അദ്ദേഹം പറയുന്നു..
"അഛാ.. നാളെ എന്റെ കേക്ക് ആണ്..!"
പിറന്നാള്‍ എന്നാണ് ശാരു ഉദ്ദേശിച്ചത്, വായില്‍ വന്നത് കേക്കെന്നും..
പിള്ള മനസ്സില്‍ കള്ളമില്ലല്ലോ..
ഇതു കേട്ട എനിക്കും, മഞ്ജുവിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല..
Thursday, July 19, 2007
ഹനീഫ് മാഷ് പറഞ്ഞ കഥയും മറ്റും..

ഒന്ന്
ഒരു വെള്ളിയാഴ്ച്ചയുടെ നനഞ്ഞൊലിച്ച രാത്രി..
ഇ-ഹോസ്റ്റല്‍ ലക്ഷ്മാക്കി ഞാന്‍ നടന്നു.
വിജനമായ ഹോസ്റ്റല്‍ റോഡ് ചാറ്റല്‍ മഴയില്‍ നനഞ്ഞിരുണ്ടു കിടക്കുന്നു..
എന്‍ജിനീയറിങ്ങ് മെക്കാനിക്സ്, സെമസ്റ്റര്‍ പരീക്ഷ
ഒരു വെക്ടര്‍ അനാലിസിസ് പോലെ മനസിനെ മഥിക്കുന്നു.
അറിയാതെ കാലുകള്‍ക്ക് വേഗം കൂടി.
'ദെ മാഷെ ഒന്നു നിന്നെ..'
പുറകില്‍ നിന്നുള്ള വിളിയില്‍ ഞാനൊന്നു ഞെട്ടി.
ക്യാമ്പസിലെങ്ങും അയാളെ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
'ഞാനൊരു കിളിയാ..' ചിരിച്ചു കൊണ്ടയാള്‍ തുടര്‍ന്നു..
'കുറച്ചു പേപ്പര്‍ കിട്ടാനുണ്ട്, അതെഴുതണം.
നമ്മുടെ ഹരിക്യഷ്ണന്റെ റൂം എവിടെയാണ്?'
'എഫ്-213'
കിളി പ്രയോഗം എനിക്കങ്ങുബോധിച്ചെങ്കിലും,
എന്തോ ഒരു അകല്‍ച്ച തോന്നിയതു കൊണ്ടു കൂടുതലൊന്നും
സംസാരിക്കാതെ ഞാന്‍ നടന്നു..കൂടെ അയാളും.
'ഒറ്റക്കു തനിക്കീസമയം ഇതുവഴി നടക്കാന്‍ പേടിയില്ലെ?..'
അസാധാരണമായ ആ ചോദ്യത്തിനു ഉണ്ടെന്നു പറയാന്‍
എന്റെ നാവു പൊങ്ങിയില്ല.
അല്ലെങ്കിലും ഒരു വിപ്ലവകാരി അങ്ങനെ പറയരുതല്ലോ.
'ഇയാള്‍ക്കു പേടിയുണ്ടോ?'
നനുത്തിരുണ്ട അന്തരീക്ഷത്തില്‍ എന്റെയാചൊദ്യം,ഉത്തരം കിട്ടാതെ തങ്ങിനിന്നു.ഞാന്‍ തിരിഞ്ഞുനൊക്കി....
..വിജനമായ വീഥി മങ്ങിയ വെളിച്ചത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..!!
------
രണ്ട്
ഒരു ദിവസം ഒരുറുമ്പും ആനയും കണ്ടുമുട്ടി.
കണ്ടപ്പോള്‍തന്നെ പ്രണയബദ്ധരായി, അടുത്ത ദിവസം
അവര്‍ വിവാഹിതരാവുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ,
അതിനടുത്ത ദിവസം ആന മരിച്ചു പോകുകയും ചെയ്തു..
അപ്പോള്‍ ഉറുമ്പിന്റെ അത്മഗതം..
'ഒരു ദിവസത്തിന്റെ പ്രേമത്തിനു ഞാന്‍, ഒരു വര്‍ഷം മുഴുവന്‍ കുഴി കുത്തണമല്ലോ ഈശ്വരാ..!!'
-----------------------------------------------------------------------
ആദ്യത്തെ കഥ ഹനീഫ് മാഷ് വെറും രണ്ടു വാചകങ്ങളില്‍ പറഞ്ഞതാണ്.
പി.എ.എം.ഹനീഫ് കേരളത്തിലെ റേഡിയൊ,അമെച്വര്‍,പ്രൊഫെഷണല്‍
നാടക രംഗത്ത് സജീവമാണ്..സാഹിത്യ അക്കാദമി അവാര്‍ഡും,
മറ്റു പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ദി ബോക്സെസ്'
എന്ന കലാലയ നാടകം അദ്യമായി അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തില്‍
ഞങ്ങള്‍ക്കു സ്റ്റേജുചെയ്യുവാന്‍ അവസരം ലഭിച്ചു.
ആരാമം മാഗസിന്റെ എഡിറ്ററാണിപ്പോളദ്ദേഹം..കണ്ടിട്ട് വളരെക്കാലമാകുന്നു..!
രണ്ടാമത്തെ കഥ ഓര്കൂട്ടില് എവിടെയോ കണ്ടതാണ്..
ഈ കുഞ്ഞി കഥയുടെ ലാളിത്യവും,ആശയവും ഇഷ്ടപെട്ടു..
സ്യഷ്ടികര്‍ത്താവിനു അഭിനന്ദനങ്ങള്‍..
-----------------------------------------------------------------------
Monday, June 18, 2007
കാത്തിരുപ്പ്
ഒടുങ്ങാത്ത
വിശപ്പിന്റെ കാത്തിരുപ്പ്..
എന്നെ നീ കാത്തിരിക്കുന്നു
ഞാനോ ഒരു പിടിച്ചോറിനായ്
അതോ പറന്നടുക്കുന്ന മരണത്തെ പുല്കാനോ?
ഒരായിരം പ്രതീക്ഷയായ്
പിറന്നുവീണീ മണ്ണില്‍..അറ്റുപോയെല്ലാം
ലോകമേ...
എന്നെപ്പോലയോ എന്റെ കൂട്ടുകാരും?
അറിയില്ലെനിക്കിതൊന്നുമേ
അറിയാവുന്നതൊന്നു മാത്രം
കാത്തിരിക്കുന്നു
പശിയടങ്ങാന്‍ നമ്മള് രണ്ടും
കഠിനമീ
വിശപ്പിന്റെ കാത്തിരുപ്പ്..
---------------------------------------------------
നമ്മുടെ ലോകത്തിന്റെ ഭീകരാവസ്ഥ കാട്ടിത്തന്ന
ആഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ കെവിന് കാര്‍ടറിന്
എന്റെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
കൂടുതല്‍ വായനക്കായ്..
http://www.flatrock.org.nz/topics/odds_and_oddities/ultimate_in_unfair.htm
---------------------------------------------------
Saturday, May 19, 2007
സഖി,നിനക്കായ്..
സ്നിഗ്ദ്ധമാമേതോ കുളിര്കാറ്റു നിദ്രയെ
തൊട്ടുണര്‍ത്തീടുന്നു അന്ത്യയാമങ്ങളില്‍
പൂര്‍ണ്ണയാം ചന്ത്രിക പാലൊളിവീശുന്നു
പാതി തുറന്നിട്ട ജാലക വീഥിയില്‍
അരികില്‍ നീ ഇല്ലെന്ന സത്യമെന് ചിത്തത്തില്‍
നീറുന്ന വിരഹത്തിന് വേദനയേറ്റുന്നു
അറിയാതെ അമ്പിളി പുഞ്ചിരി തൂകുമ്പോള്‍,സഖി
ഒരു നിലാവായ്,വെളിച്ചമായ് എന്നില്‍ നീ നിറയുന്നു
ഒന്നു കാണാതെയറിയാതെ എന്‍ ജീവിതത്തില്‍
വന്നു നീ ഡിസംബറില്‍ മഞ്ഞുനീര്‍ കണം പോലെ
നിന്നു നീ വിടര്‍ന്നൊരു ചെമ്പക പുഷ്പം പോല്‍
തന്നു നീ എനിക്കെന്നും നന്മകളൊരായിരം
ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍
സഫലമീ യാത്രയില്‍ പതറാതെ മുന്നോട്ടായ്
വിതറാം നമുക്കെന്നും വെളിച്ചവും,സുഗന്ധവും
നനുത്തൊരു തെന്നല്‍ പതിയെ കടന്നുപോയ്
പുതിയ പുലരിയായ്, ഉണര്‍ന്നെണീറ്റീടുക...
Thursday, May 03, 2007
ഉണ്ണി കഥ
ആനകള്‍ എന്നും ഉണ്ണിക്ക് അത്ഭുതമായിരുന്നു.
ചായിപ്പിലെ പൊടി മണ്ണില്‍ മണ്ണു തെറിപ്പിക്കുന്ന കുഴിയാനയായിരുന്നു ആദ്യം കണ്ട ആന. തെക്കേലെ കിങ്ങിണി കുഴിയാനയെ കാണിക്കാമെന്നു പറഞ്ഞ് എപ്പോഴും പറ്റിക്കുമായിരുന്നു. അല്ലേലും അവള് അങ്ങിനയാ.. ഒരു ദിവസം മണ്ണു മാറ്റി ഒളിച്ചിരുന്ന ആനയെ പിടികൂടി. ആവൂ..എന്തു രസാ,കുഞ്ഞി കുഴിയാനയെ തൊടാന്‍! പുറകൊട്ടുള്ള നടത്തമാ അതിലും രസം.. അമ്മ എപ്പൊഴും വഴക്കാ, ആനയുടെ പുറകെ നടക്കുന്നതിന്. അമ്മക്കറിയില്ലല്ലോ, ഈ ഉണ്ണിക്ക് എത്ര ആനകള്‍ ഉണ്ടന്ന്.
കാഴ്ചകളുടെ ഉത്സവം സമ്മാനിച്ച ഒരു ദിവസമായിരുന്നു ഉണ്ണിക്കു പെരുവയറന് ആനയെ കാണാന്‍ കഴിഞ്ഞത്. വല്യഛന് കയ്യില്‍ തൂങ്ങി അമ്പല മുറ്റത്ത് എഴുന്നള്ളത്തു കണാന്‍ പോയ ദിനം.. ചെറിയ കണ്ണും, വലിയ വയറും, തൂവെള്ള കൊമ്പും എല്ലാം കൂടി ചേര്‍ന്ന പാവം..! ഒന്ന് തൊടാന്‍ ആഗ്രഹം ഉണ്ടായൊ ആവോ..? ഉണ്ണീടെ ആനകള്‍ക്ക് എന്താ ഇത്രയും കൊമ്പും വയറും ഇല്ലാത്തെ?..എന്നാലുംരണ്ടും പാവങ്ങള്‍ തന്നെ..
"ഉണ്ണീ......മണ്ണില്‍ കളിച്ചിട്ട് ഇങ്ങു വന്നേക്കേട്ടോ....."
അയ്യോ..അമ്മ, ചൂരല്‍ കഷായം ഉറപ്പായും കിട്ടിയതു തന്നെ...
ആനചിന്തകള്‍ പൊടിമണ്ണില്‍ ഉപേക്ഷിച്ച ഉണ്ണി, വീട്ടിലേക്കോടി.
മുറ്റത്തു നിന്ന കോഴികള്‍ തൊടിയിലെക്കും..
അപ്പൊഴും, ഉണ്ണിയുടെയാനകള്‍ പൂഴിമണ്ണില് ഊളിയിടുന്നുണ്ടായിരുന്നു..