..

-..-

Monday, September 15, 2008

കുടി തേടുന്നവര്‍.









മരക്കൊമ്പില്‍ കുരുക്കിട്ട്
മരണം കാത്ത് ഗതികെട്ടിങ്ങനെ,
ഇവിടെവരെ എത്തീ ഞങ്ങള്‍ !

കുടിയിറക്കപ്പെട്ട കാടിന്റെ മക്കള്‍
കശക്കിയെറിഞ്ഞ സത്വവും പേറി.

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

ഇനിയൊരു വെടിയൊച്ച
കേള്‍ക്കും മുന്നേ,
ഗതികേടിന്‍ കുരുക്കില്‍
...ഗതികെട്ടിങ്ങനെ..

Sunday, September 14, 2008

നിഴല്‍

ഒരിക്കല്‍ വെളിച്ചം
നിഴലിനോടായി,
എന്തേ പിന്‍തുടരുന്നു ?

അതെ,
നീയാണെനിക്കു നിഴല്‍.

Wednesday, September 10, 2008

നോക്കുകുത്തി നോക്കുമ്പോള്‍












പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..

കാവലായ് ഞാനെന്നും
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..

പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..

പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി

പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
ആര്‍ത്താടി വരുന്നുണ്ടേ..

കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?

നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..