
മഞ്ഞിന് മൂടുപടവുമേന്തി
ഇന്നെന്‍ പ്രഭാതം,എത്ര സുന്ദരം !
മകരക്കുളിരില്‍ മനമാകെ നിറഞ്ഞു
മെല്ലെ നടന്നു, വിജനമീ വീഥിയില്‍
മടിയോടെ പൊങ്ങുന്ന കതിരോന്റെ പൊന്‍ കതിര്
മെല്ലെ തിളങ്ങുന്നു, മിനാരത്തിനപ്പുറം
കുറുകിപ്പറക്കുന്ന പ്രാവിന്റെ ചിറകടി
അലിയുന്നു,ബാങ്കു വിളികളില്‍ അകലെയായ്.
താരിളം തെന്നല്‍ മെല്ലെ തലോടുന്ന
ചാരു ലതകളില്‍ തുള്ളുന്ന നീര്കണം
ഇറ്റിറ്റു വീഴാനായ് വെമ്പുന്ന തുള്ളിയില്‍
തട്ടിച്ചിതറുന്നു ബാലകിരണങ്ങള്‍
വെള്ളപ്പുതപ്പിലുറങ്ങുന്ന ജലവീഥി
കീറിമുറിക്കുന്നു എകനായ് ആ തോണി
പാറിക്കളിക്കുന്ന ദേശാടനക്കിളി
ആഘോഷമാക്കുന്ന സുന്ദര പ്രഭാതം.
അങ്ങു ദൂരെനിന്നിങ്ങടുത്തെത്തി
മൂന്നുപേര്‍, ഒരു കുടുംബം
എത്ര പ്രകാശമാ കുഞ്ഞിന് വദനത്തില്‍
നന്മതന് പ്രഭാതമായ്, കണ്ടു നിറഞ്ഞു.
ജീവിത സന്ധ്യയിലെത്തിയ രണ്ടുപേര്‍
എന്നെ കടന്നു പോയ് വേഗത്തില്‍, മുന്നോട്ടായ്
ഇനിയെത്ര ജന്മങ്ങള് കിട്ടിയാലടങ്ങില്ല
അത്ര സുന്ദരമീ പ്രഭാതം..
-------------------------------------------------------------------------
നനുത്ത ഒരു ദുബായ് പ്രഭാതത്തിന്റെ ഓര്‍മ്മക്കായി...