..

-..-

Thursday, March 25, 2010

തുള്ളികള്‍,പ്രണയത്തുള്ളികള്‍











ഒന്ന്

മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.

രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.

നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.

അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.

ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.

--oXo--

eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

Thursday, March 18, 2010

..


വറ്റല്‍

ഉള്ളൊതുങ്ങി
തോല്‍ ചുരുക്കി
മുറുകുകയാണ്‌
വറചട്ടിയില്‍
ഒരു വറ്റല്‍ മുളക്.

--oOo--


ഠേ..,

ഒരു വെടി
പുക, ചിറകടി.

രണ്ടു പക്ഷികളല്ല, എല്ലാം പറന്നു.
വീണത് തോക്കായിരുന്നു!

--oOo--

Monday, March 08, 2010

പ്രൈസ് റ്റാഗ്


12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം

ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.

തുളുമ്പിപ്പോയ നിഴലുകള്‍
ആവിയായി.

ബെഡ് റൂമിലെ
തുരുമ്പു തിന്നുന്ന തകരപ്പെട്ടിയില്‍
ഒളിപ്പിച്ച സ്വപ്നം
പാവക്കുഞ്ഞുങ്ങളായി ഉറങ്ങുന്നു.

രാത്രി മറവില്‍
ആരും കണാതെ
കണ്ണീരും മുലപ്പാലും ചുരത്തിയിരുന്നപ്പോള്‍
വരണ്ട പാടങ്ങളില്‍ ഇടിവെട്ടി മഴ.

തുന്നിയ സ്നേഹം
കുഞ്ഞുടുപ്പുകളില്‍ ചിതലായി
അരിക്കുന്നു.

സഹതാപം,
സ്നേഹം,
കുരക്കുന്ന പരിഹാസം;
എത്രയെത്ര വര്‍ണ്ണങ്ങള്‍.
ഒച്ചയില്ലാത്ത നെടുവീര്‍പ്പുകള്‍
നിറമില്ലാതെ ഒടുങ്ങി.

ഇലഞ്ഞി പൂത്തൊരു നിലാവില്‍
ആയിരം കുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന സ്വപ്നത്തിലാണ്‌
ഉറഞ്ഞ്, ഉറങ്ങിപ്പോയത്.

എത്ര കോരിയൊഴിച്ചാലും
മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്.

പൂര്‍ത്തിയായൊരു ചിത്രം.
ഇനി വിറ്റുപോകാനുള്ള കാത്തിരിപ്പും,
കേള്‍ക്കാവുന്ന ചിലതും

നൈസ് വര്‍ക്ക്,
നല്ല പെയിന്‍റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?


എഴുത്തുപുരയില്‍
പ്രസിദ്ധീകരിച്ചത്