..

-..-

Tuesday, December 29, 2009

നിശ്വാസം





വെളിച്ചം പിച്ചവെക്കുന്ന
അരണ്ട മുറിയുടെ
തണുത്ത ഭിത്തിയില്‍
ഇഴയുന്ന കാറ്റ്,
കീറിത്തൂങ്ങിയ കലണ്ടറിന്‍റെ
അവസാന താളിലെഴുതിയത്.

Monday, December 07, 2009

വികൃതാക്ഷരങ്ങള്‍










മറുകരകാണാത്ത
ബോധത്തിന്‍റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര.

പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്‌,
മഴയില്‍ ചീഞ്ഞ്‌
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു;

പടിവക്കില്‍
വേലിപ്പുറത്ത്
വഴിവളവില്‍
ഉറങ്ങുന്നു ചിലര്‍.

പൊടിപറത്തിയ
ബസ്സിന്‍റെ തിരക്കിനിടയില്‍
വീര്‍പ്പുമുട്ടിയും
ഞെരിഞ്ഞും അക്ഷരങ്ങള്‍.

നഗര കുപ്പത്തൊട്ടിയില്‍
മൂക്കുപൊത്തി,
രക്ഷക്കായി നിലവിളിച്ചും
കമ്പോളത്തിന്‍റെ
വിലപേശലുകളില്‍
കണ്ണുതള്ളിയും
അലയുന്നുണ്ടവ.

വിരിച്ച കീറത്തുണിയില്‍
ചിതറിവീണ
നാണയത്തുട്ടിനെ
കെട്ടിപ്പിടിച്ചൊരക്ഷരം;

ഇടറോഡിന്‍റെ മൂലയില്‍
വാര്‍ന്ന രക്തത്തിലുമൊന്ന്,
വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്‌
ചിലതിന്‍റെ ഒലിച്ചു പോക്ക്‌.


ഉരുക്കു ചക്രം ചതച്ചരച്ച്
വികൃതമാക്കിയ മറ്റൊന്ന്
പാളത്തിലും!

വരണ്ട സൂര്യന്‍
കണ്ണില്‍ കത്തി

ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

കണ്ണുതുറന്നപ്പോള്‍
കൈ തടഞ്ഞത്
കട്ടില്‍ക്കാലായിരുന്നു.

.......

ഇന്ദ്രപ്രസ്ഥം കവിതയില്‍ പ്രസിദ്ധീകരിച്ചത്


Tuesday, December 01, 2009

നിനക്കറിയില്ല

സുഹൃത്തേ,
നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.

കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.

എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.

ഇനി രസിക്കാം

പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..

നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..

ഹേയ്, ഞാനാടൈപ്പല്ല.

---0-0-0-----

Sunday, November 22, 2009

ഡിസംബറിന് പറയാനുള്ളത്..









നിശ്ശബ്ദത
കണ്ണാടി നോക്കുന്ന
തടാക പരപ്പിനെ
പ്രണയിച്ചു
പ്രണയിച്ചു
കൊതി തീരാതെ
പൊതിഞ്ഞുറങ്ങുന്നു
മഞ്ഞിന്റെ കമ്പളം.

ശ്..ശ്ശ്!

~~~

Wednesday, November 18, 2009

ഒഴുക്ക്







തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.


--~~~--


പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.

Sunday, November 15, 2009

രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്‍














ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.

കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം

'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'

വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.


--@--

Thursday, November 12, 2009

തിരുത്ത്













മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍
‍തെളിയാത്ത
അക്ഷരക്കൂട്ടുകളില്‍
‍ചികയുക, തി-രു-ത്ത് !


--<>--

Tuesday, October 20, 2009

അരാഷ്ടീയക്കാഴ്ച്ച









പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു

വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍

രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലിഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
.....

eപത്രം മാഗസിന്‍ മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്.


Sunday, October 04, 2009

വിട..


ജ്യോ - നിനക്ക്  ആദരാഞ്ജലികൾ


അക്ഷരങ്ങളിലൂടെ മനസറിഞ്ഞ
പൊന്നു സുഹൃത്തേ,
നിന്റെ ഹൃദയം ഞാനെന്നില്‍ സൂക്ഷിക്കുന്നു.

Sunday, September 27, 2009

ക്രി..ക്രി

പൊട്ടക്കിണറ്റിലെ തവള
പൊട്ടനാണന്നു കരുതരുത്.

സൂക്ഷിക്കുക,
ചിലപ്പോളത്
നമ്മുടെ ഉള്ളില്‍ നിന്നും
പുറത്തു ചാടും.


.......o0o.............

Wednesday, September 16, 2009

സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍

രാത്രിയുടേയോ
പകലിന്റേയോ മറവില്‍
ജനിച്ചു

കണ്ടിട്ടും
കാണാപ്പുറങ്ങളില്‍
ജീവിച്ചു

കൊണ്ടുപിടിച്ച
കോലാഹലങ്ങള്‍ക്കു നടുവില്‍
ഉറങ്ങി

അവസാനം ഞാന്‍
കൊല ചെയ്യപ്പെട്ടു

ഇപ്പോള്‍
ഈ കുഴിമാടത്തില്‍
അപരനെ നോക്കി
വിറങ്ങലിച്ചു കിടക്കുന്നു.

--

Sunday, September 13, 2009

അണ്‍ടൈറ്റില്‍ഡ്

നിനക്കായ് കരുതിയൊരീമുളം തണ്ടിനെ
മാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ

എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തി‍ന്‍ തെന്നലായ്

രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ

ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍

മാനത്തെ മുകിലിനോടായിപ്പറയും ഞാന്‍
സ്നേഹം നിറഞ്ഞൊഴുകീടുമീ വേദന

അത്രമേലായി കവിഞ്ഞൊരി പ്രേമത്തിന്‍
തപ്ത നിശീഥമനന്തമാമെന്‍ ഗാനം.

----oOo----

Tuesday, September 08, 2009

കൊട്ടേഷന്‍

കൊട്ടേഷന്‍ കൊടുത്തു
കൂലിയും നല്കി,
ഉടന്‍ തന്നെ തട്ടുമെന്ന് സംഘം

മുറിയിലെത്തിയപ്പോള്‍
വീണ്ടുമതാ മൂലയിലവന്‍,
ഏകാന്തത !

Friday, August 28, 2009

ഒന്നും മാഞ്ഞുപോകുന്നില്ല.










അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നിത്തിളങ്ങി,
..ഒന്നും മാഞ്ഞുപോകുന്നില്ല.

--o0o---
ചിത്രം കടപ്പാട് ഇവിടെ

Tuesday, August 18, 2009

ആപേക്ഷികം













പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.

ആ സമയങ്ങള്‍
കാണാത്തതുകോണ്ട്
ഈ നുണ
വിശ്വസിക്കും ഞാന്‍.

എന്റെ വിശ്വാസങ്ങളില്‍
വേറൊരാള്‍ കൈവെക്കുമ്പോള്‍,
എന്റെ നുണയും
നിങ്ങള്‍ വിശ്വസിക്കണം!

'അഛന്‍ പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'


Sunday, August 16, 2009

ദള മര്‍മ്മരം













കലാലയത്തിന്റെ
ഇരുണ്ട ഇടനാഴിയുടെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.

കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.

പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.

കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!

അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..

അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.

Tuesday, August 11, 2009

നായാട്ട്

ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !




Sunday, August 09, 2009

തണല്‍ തേടുന്ന ശിഖരങ്ങള്‍










തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!

Tuesday, July 28, 2009

തലകീഴായ് തൂങ്ങിയ തോന്നലുകള്‍






വരിവരിയല്ലാതെ,
തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...

വെറുമൊരു
വഴിയാത്രക്കാരന്റെ
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?

*ഷെയ്ക്ക് സെയ്ദ് റോഡ് - ദുബായ് അബുദാബി ഹൈവെ

Monday, July 13, 2009

നരകത്തിലെ കോഴി












നരകത്തിലെ കോഴി
തിരിയുകയാണ്

കരിഞ്ഞ മണം
പരക്കുകയാണ്

കഫത്തിരിയയിലെ ചെക്കന്‍
വിളിക്കയാണ്

കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി !

Sunday, June 28, 2009

അപ്പുറം








ഇപ്പുറമിരിക്കുമ്പോള്‍

കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...

Tuesday, June 16, 2009

നിന്നിലെ ഞാന്‍.

ഒന്നു സൂക്ഷിച്ചു നോക്കി
ചരിഞ്ഞും കിടന്നും..

ഇല്ല..
പരിചയമൊന്നുമില്ല !

എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...

Monday, May 25, 2009

കൂട്ട്

തോറ്റ തോല്‍വി
തിരിഞ്ഞു നടന്നു,
കാരണമൊന്നും
കൂട്ടിനു കിട്ടാതെ..!