..

-..-

Sunday, April 27, 2008

ഇറ്റു വീണ തുള്ളി.














തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീ‍ണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !

ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !

കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
ഈ പുഴയോ..

Monday, April 07, 2008

ഒരുവട്ടം കൂടി..











ചില കാര്യങ്ങള്‍
ചിന്തയിലെന്നും
ഉണര്‍ന്നിരിക്കാന്‍ വെമ്പും

പുതിയ പുലരിയില്‍
പുതപ്പിനുള്ളില്‍
അരിച്ചിറങ്ങും
കുളിര്‍കാറ്റ്

അക്കരെനിന്നും
ഒഴുകിയെത്തുന്ന
അമ്പല മണിനാദം

പുതപ്പുമൂടി
ചുരുണ്ടുകൂടി
വീണ്ടുമുറങ്ങുന്ന
ആ നിമിഷം

ഇലകള്‍ തുളച്ചു
ഇറങ്ങിവരുന്ന
പൊന്‍ കിരണങ്ങള്‍

തൊടിയില്‍
പറന്നിറങ്ങി
കലപില കൂട്ടും
കുഞ്ഞുകോഴികള്‍

കുടുക്കയിലെ
ഉമിക്കരി
വായില്‍
പരത്തും രുചി

നിറഞ്ഞ വയറോടെ
ചാടിയോടിക്കളിക്കുന്ന
പശുക്കിടാവ്

മണ്‍കലത്തിലെ
പഴയ കഞ്ഞി
പകരുന്ന ഗന്ധം

നനുത്ത
ഓലപ്പുരപ്പുറത്തിലു
യരും പുകച്ചുരുളുകള്‍

ഉച്ചയെത്തും നേരം
അയല്‍ വീട്ടില്‍ നിന്നും
പരക്കുന്ന ചാളക്കറിമണം

വിദൂരതയില്‍
എവിടെയോ കേള്‍ക്കുന്ന
ഉപ്പന്റെ ശബ്ദം

പോക്കുവെയിലിന്റെ
നീണ്ട നിഴലുകള്‍

ഇടവഴിയില്‍
അവളുടെ
അകന്നു പോകുന്ന
കൊലുസിന്റെ കിലുക്കം

ഉമ്മറത്തു
തെളിച്ച തിരിയുടെ
ചാഞ്ചാട്ടം

രാത്രിയില്‍
പാല്‍ വെണ്ണയൊഴുകുന്ന
നിലാവിന്റെ പുഞ്ചിരി


ഉറക്കത്തില്‍
ചിറകുവിരിച്ചു പറന്നു

നടക്കുന്ന സ്വപ്നം !